ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ എസ്.ജെ സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘കില്ലർ’ (Killer) സിനിമയുടെ സെറ്റിൽ വൻ അപകടം (SJ Suryah movie Killer accident). ഷൂട്ടിംഗിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു സ്റ്റണ്ട്മാൻ മരണപ്പെടുകയും നാല് സാങ്കേതിക പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശിയായ സ്റ്റണ്ട്മാൻ മാധവൻ (26) ആണ് മരിച്ചത്. സാങ്കേതിക പ്രവർത്തകരായ ശക്തിവേൽ (27), സൂര്യ (23), ദിനകരൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെന്നൈ പെരമ്പൂരിലെ ബിന്നി മിൽസ് കോംപ്ലക്സിൽ വെച്ച് ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സെറ്റിൽ ആവശ്യമായ ബലൂണുകളിൽ നിറയ്ക്കാനായി വലിയ സിലിണ്ടറിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് വാതകം ചെറിയ സിലിണ്ടറിലേക്ക് മാറ്റുന്നതിനിടെയാണ് പെട്ടെന്ന് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ മാധവനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അപകടസമയത്ത് താരം എസ്.ജെ സൂര്യ സെറ്റിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം , ‘കില്ലർ’ സിനിമയുടെ സെറ്റിൽ വെച്ച് നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ആറ് മാസം മുൻപ് ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ആക്ഷൻ രംഗത്തിനിടയിൽ റോപ്പ് പൊട്ടി വീണ് നടൻ എസ്.ജെ സൂര്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് താരത്തിന്റെ കാലിനാണ് പരിക്കേറ്റത്. ആ സംഭവത്തിന് പിന്നാലെ സെറ്റിൽ വീണ്ടുമൊരു അപകടമുണ്ടാകുകയും ഒരു ജീവൻ നഷ്ടപ്പെടുകയും ചെയ്തതോടെ സിനിമയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ചെന്നൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനയ്ക്ക് ശേഷം പൊട്ടിത്തെറിയുടെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.
Story Summary: A 26-year-old stuntman named Madhavan was killed and three crew members were injured in a cylinder blast on the sets of actor SJ Suryah’s upcoming movie ‘Killer’ at Binny Mills, Chennai. The accident occurred while transferring carbon dioxide gas between cylinders for a blast sequence.

