കോട്ടയം: നഗരഹൃദയത്തിൽ കഴിഞ്ഞ ഒരു ദശകമായി തുരുമ്പെടുത്തു നശിക്കുന്ന കോട്ടയം ആകാശപാതയ്ക്ക് ഒടുവിൽ ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ (Kottayam Skywalk Project Revamp). മുൻപ് 2016 ഫെബ്രുവരിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്വപ്ന പദ്ധതിയായി വലിയ പ്രഖ്യാപനങ്ങളോടെയാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചതെങ്കിലും, മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതോടെ പണി പൂർണ്ണമായും സ്തംഭിക്കുകയായിരുന്നു. പത്തു വർഷത്തോളമായി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഈ ഇരുമ്പ് നിർമ്മിതി നിലവിൽ പ്രാവുകൾക്കും കുരുവികൾക്കും കൂടുകൂട്ടാനുള്ള ഇടമായും നഗരത്തിലെ വലിയൊരു കാഴ്ചബംഗ്ലാവുമായും മാറിയിരിക്കുകയാണ്. ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, കറങ്ങുന്ന കസേരകൾ, വലിയ എൽഇഡി വാൾ തുടങ്ങി അത്യാധുനിക സജ്ജീകരണങ്ങളോടെ കോട്ടയം നഗരത്തിന് പുതിയ മുഖച്ഛായ നൽകുക എന്നതായിരുന്നു ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ വർഷങ്ങളായി അനാഥമായി കിടക്കുന്നതിനാൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഇരുമ്പ് കമ്പികൾ തുരുമ്പെടുത്ത് നശിക്കുന്ന ദയനീയ കാഴ്ചയാണ് കോട്ടയത്തുകാർക്ക് കാണേണ്ടി വരുന്നത്. ദീർഘകാലത്തെ കാലപ്പഴക്കവും തുരുമ്പും കാരണം നിലവിലെ ഘടനയ്ക്ക് കടുത്ത ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ സുരക്ഷ മുൻനിർത്തി ഇത് പൂർണ്ണമായി പൊളിച്ചുനീക്കണമെന്നും നിർദ്ദേശിക്കുന്ന ഒരു വിദഗ്ധ സമിതി റിപ്പോർട്ട് നിലവിൽ അധികൃതരുടെ പക്കലുണ്ട്. ഇത് നഗരവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. എങ്കിലും കോട്ടയത്തിന്റെ പ്രതീകമായി മാറിയ ഈ നിർമ്മിതിയെ പൂർണ്ണമായി തള്ളിക്കളയാതെ, ഏതു രീതിയിൽ പുതിയൊരു രൂപത്തിൽ ജനപ്രിയമായി പുനരവതരിപ്പിക്കാം എന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകൾ നടത്തിവരികയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈ സ്വപ്ന പദ്ധതിക്ക് പ്രഥമ പരിഗണന ലഭിക്കുമെന്നാണ് കോട്ടയം നിവാസികൾ ശക്തമായി വിശ്വസിക്കുന്നത്. വരാനിരിക്കുന്ന ബജറ്റിൽ പദ്ധതി പൂർത്തീകരണത്തിനായോ അല്ലെങ്കിൽ പുതിയ രീതിയിലുള്ള പുനരുദ്ധാരണത്തിനായോ ആവശ്യമായ തുക സർക്കാർ വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. വർഷങ്ങളായി നഗരമധ്യത്തിൽ ‘പടവലപ്പന്തൽ’ പോലെ പടർന്നുപന്തലിച്ചു കിടക്കുന്ന ഈ ഇരുമ്പ് കൂട് പൊളിച്ചുമാറ്റുകയോ അതോ അത്യാധുനിക രീതിയിൽ മാറ്റിപ്പണിയുകയോ ചെയ്ത് കോട്ടയത്തിന്റെ വികസനത്തിന് പുതിയ വേഗത നൽകാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.
Summary: The residents of Kottayam are hopeful for the revival of the skywalk project, which has been left neglected and rusting for the past ten years. Originally launched in February 2016 as a flagship project, the construction stalled abruptly following a change in government. Although an expert committee report suggests dismantling the structure due to safety concerns and weak iron pillars, legislative steps are being reconsidered to give the project a new lease of life.

