ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറിയ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനത പാർട്ടി (CJP) പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നു (Cockroach Janata Party Spokespersons Appointed). പാർട്ടിയുടെ നയങ്ങളും വരാനിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ലക്ഷ്യങ്ങളും മാധ്യമങ്ങളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി മൂന്ന് ഔദ്യോഗിക വക്താക്കളെ സംഘടന തിരഞ്ഞെടുത്തു. പ്രശസ്ത അന്വേഷണാത്മക മാധ്യമപ്രവർത്തകനായ സൗരവ് ദാസ് ആയിരിക്കും പാർട്ടിയുടെ മുഖ്യ വക്താവ്. ഇദ്ദേഹത്തോടൊപ്പം രാഷ്ട്രീയ ഗവേഷകയും ചലച്ചിത്രകാരിയുമായ വിജേത ദഹിയ, മുൻ മാനേജ്മെന്റ് കൺസൾട്ടന്റായ അശുതോഷ് രങ്ക എന്നിവരും സംഘടനയെ പ്രതിനിധീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തും.
മാധ്യമപ്രവർത്തനം, ചലച്ചിത്ര നിർമ്മാണം, കോർപ്പറേറ്റ് കൺസൾട്ടിങ് തുടങ്ങിയ വ്യത്യസ്തവും പ്രഗത്ഭവുമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവാക്കളെ അണിനിരത്തിക്കൊണ്ട് ഇന്ത്യയിലെ രാഷ്ട്രീയ സംവാദങ്ങളുടെ ശൈലി മാറ്റാനാണ് സിജെപി ലക്ഷ്യമിടുന്നത്. പാർട്ടിയുടെ സ്ഥാപകൻ അഭിജിത് ദീപ്കെ തന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ജൂൺ ആറിന് ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ നടത്താനിരിക്കുന്ന വൻ പ്രതിഷേധത്തിന് മുന്നോടിയായാണ് ഈ പുതിയ നിയമനങ്ങൾ എന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിയ നീറ്റ് രീക്ഷാ പേപ്പർ ചോർച്ച, സിബിഎസ്ഇ സംവിധാനത്തിലെ തുടർച്ചയായ വീഴ്ചകൾ എന്നിവ ഉന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി ജന്തർ മന്ദറിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനായി നിലവിൽ ബോസ്റ്റണിലുള്ള സംഘടനയുടെ സ്ഥാപകൻ അഭിജിത് ദീപ്കെ ജൂൺ ആറിന് ഇന്ത്യയിൽ തിരിച്ചെത്തും. കേവലം ഒരു സോഷ്യൽ മീഡിയ ട്രോളായി തുടങ്ങി, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ സ്വന്തമാക്കിയ ഈ കൂട്ടായ്മ, പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ കൂടുതൽ ഘടനാപരമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറുന്നതിന്റെ സൂചനകളാണ് നൽകുന്നത്.
ചീഫ് ജസ്റ്റിസിന്റെ ഒരു പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ഈ കൂട്ടായ്മ, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, യുവാക്കളുടെ അവകാശങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് ജനശ്രദ്ധ നേടിയത്. ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെക്കാൾ കൂടുതൽ ഫോളോവേഴ്സിനെ വേഗത്തിൽ സമാഹരിക്കാൻ സിജെപിക്ക് കഴിഞ്ഞിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും ഭാവിയിൽ ഇതൊരു പൂർണ്ണ രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെടാനും സാധ്യതയുണ്ടെന്ന് അഭിജിത് ദീപ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾക്കെതിരെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് ഉൾപ്പെടെയുള്ളവർ ഈ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ ഡൽഹിയിൽ ശക്തമായ വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
Summary: The internet sensation Cockroach Janta Party (CJP) has appointed three official spokespersons, including investigative journalist Saurav Das as its chief spokesperson, ahead of its scheduled mass protest in Delhi. Founded by Abhijeet Dipke, the youth pressure group will also be represented by filmmaker Vijeta Dahiya and former McKinsey consultant Ashutosh Ranka to streamline its public messaging. Dipke is set to return to India on June 6 to lead a peaceful protest at Jantar Mantar demanding the resignation of Education Minister Dharmendra Pradhan over the NEET paper leak controversy.

