കൊച്ചി: ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ജീവിതകഥ പറയുന്ന ഒരു ബയോപിക് സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ (Chandy Oommen MLA interview Nadirshah YouTube). ചിത്രത്തിൽ ഉമ്മൻ ചാണ്ടിയുടെ വേഷം ചെയ്യാൻ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി (Mammootty) തന്നെയാണ് ഏറ്റവും അനുയോജ്യനെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത സംവിധായകനും നടനുമായ നാദിർഷയുടെ (Nadirshah) ഒഫീഷ്യൽ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
ഭാവിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ, സിനിമകളിൽ നിന്ന് മികച്ച അവസരം ലഭിച്ചാൽ അഭിനയിക്കാൻ തയ്യാറാണോ എന്ന നാദിർഷയുടെ ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് ചാണ്ടി ഉമ്മൻ നൽകിയത്.
“സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം… നിലവിൽ വേണ്ട എന്ന് വച്ചിരിക്കുവാ, വേണമെങ്കിൽ ആലോചിക്കാം. എനിക്ക് വില്ലൻ റോൾ ചെയ്താൽ കൊള്ളാമെന്നുണ്ട്. പക്ഷേ ആരെങ്കിലും വിളിക്കണ്ടേ, വിളിച്ചാൽ അല്ലേ പോകാൻ പറ്റൂ” – ചാണ്ടി ഉമ്മൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇതിന് പിന്നാലെ, ‘എന്നാൽ ഞാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലേക്ക് വിളിച്ചാൽ വരുമോ’ എന്ന് നാദിർഷ ചോദിച്ചപ്പോൾ, തീർച്ചയായും വരാമെന്ന് ചാണ്ടി ഉമ്മൻ ഉടനടി സമ്മതിക്കുകയും ചെയ്തു. എന്നാൽ ‘ഞാനൊരു ആവേശത്തിൽ പറഞ്ഞുപോയതാണെന്ന്’ ഷൂട്ടിങ്ങിനായി വിളിക്കുമ്പോൾ താൻ തമാശയായി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ മനസ്സിലുള്ള വലിയ സിനിമാ പ്രൊജക്റ്റിനെക്കുറിച്ച് ചാണ്ടി ഉമ്മൻ അഭിമുഖത്തിൽ വിശദമായി സംസാരിച്ചു:
“ഞാനിപ്പോൾ ഒരു സിനിമ നിർമ്മിക്കണമെന്ന കടുത്ത ആഗ്രഹത്തിൽ നിൽക്കുകയാണ്. എന്റെ അപ്പന്റെ പേരിലൊരു സിനിമ, അതായത് ഉമ്മൻ ചാണ്ടിയുടെ ബയോപിക്. ‘ഉമ്മൻ ചാണ്ടി’ എന്ന് തന്നെ ചിത്രത്തിന് പേരിടണമെന്നാണ് എന്റെ ആഗ്രഹം. അതിൽ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത് ആരാണെന്ന കാര്യമൊക്കെ തല്ക്കാലം അവിടെ നിൽക്കട്ടെ. ശരിക്കും നടക്കാൻ പോകുന്ന ഒഫീഷ്യൽ പ്രൊജക്ടിൽ ആ സമയത്ത് നമുക്കത് ആലോചിക്കാം. എങ്കിലും മമ്മൂട്ടി തന്നെയായിരിക്കും അപ്പയുടെ റോൾ ചെയ്താൽ ഏറ്റവും നന്നാവുക. എനിക്കത് ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. എന്റെ ഫൗണ്ടേഷനും അതിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും വേണ്ടി ഫണ്ട് സ്വരൂപിക്കാൻ കൂടി വേണ്ടിയാണ് ഈ സിനിമ ചെയ്യുന്നത്. ഒപ്പം, അദ്ദേഹത്തിന്റെ വലിയൊരു പാരമ്പര്യവും ജനകീയ ചരിത്രവും വരുംതലമുറയ്ക്കായി രേഖപ്പെട്ടു കിടക്കട്ടെ എന്നതു കൊണ്ടും കൂടിയാണ്” – ചാണ്ടി ഉമ്മൻ തന്റെ മനസ്സ് തുറന്നു.
മുൻപും ഉമ്മൻ ചാണ്ടിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുമെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോൾ മകൻ തന്നെ ഇത്തരമൊരു ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചതോടെ പ്രൊജക്റ്റ് എന്നെങ്കിലും യാഥാർത്ഥ്യമാകുമെന്ന വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികളും കോൺഗ്രസ് പ്രവർത്തകരും.
Story Summary: Chandy Oommen MLA expressed his desire to produce a biopic on his late father, Oommen Chandy, preferably titled ‘Oommen Chandy’ with Megastar Mammootty in the lead role. Speaking on Nadirshah’s YouTube channel, he also joked about playing a villain role if invited.

