കൊച്ചി: നടി അൻസിബ ഹസൻ തനിക്കെതിരെ ഉന്നയിച്ച കടുത്ത ആരോപണങ്ങളിലും വിവാദങ്ങളിലും ഒടുവിൽ മൗനം വെടിഞ്ഞ് നടൻ ടിനി ടോം (Tiny Tom response to Ansiba Hassan). നിലവിലെ വിവാദങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്നുമാണ് താരം വ്യക്തമാക്കിയത്. സുഹൃത്തുക്കൾക്കൊപ്പം കൊച്ചിയിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ വിഷയത്തിൽ ടിനി ടോമിന്റെ പ്രതികരണം തേടിയത്.
മാധ്യമങ്ങളോട് മറുപടി പറഞ്ഞുകൊണ്ടിരിക്കവേ, ടിനി ടോമുമായി ബന്ധപ്പെട്ട് സമീപദിവസങ്ങളിലുണ്ടായ വിവാദങ്ങളിൽ തങ്ങൾക്ക് വലിയ മനപ്രയാസമുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാൾ പരസ്യമായി പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് വൈകാരികമായി താരം പ്രതികരിച്ചത്. വിവാദവുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന്, കൂടുതൽ പ്രതികരണങ്ങൾ നടത്തി വിഷയം വഷളാക്കാൻ താല്പര്യമില്ലെന്ന സൂചന നൽകി ടിനി ടോം അവിടെനിന്നും മടങ്ങുകയായിരുന്നു.
ടിനി ടോം ഒരു ‘സാമൂഹിക വിപത്താണെന്നും’ നടന്റെ ഭാഗത്തുനിന്നുണ്ടായ മോശം പ്രവൃത്തികളെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നുമാണ് അൻസിബ ഹസൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് തുറന്നടിച്ചത്. ടിനി ടോമിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് താനെന്നും നടി വ്യക്തമാക്കിയിരുന്നു. വ്യക്തിവൈരാഗ്യം തീർക്കുന്നതിനായി തനിക്കെതിരെ മതപരമായ ആയുധം ഉപയോഗിക്കാൻ ടിനി ടോം ശ്രമിച്ചുവെന്നും, തന്നെ ‘ജിഹാദി’ എന്ന് മുദ്രകുത്തി സോഷ്യൽ മീഡിയയിൽ വേട്ടയാടാൻ മനഃപൂർവ്വം വഴിയൊരുക്കിയെന്നും അൻസിബ വെളിപ്പെടുത്തിയത് ചലച്ചിത്ര മേഖലയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. അമ്മ (AMMA) സംഘടന ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെട്ടേക്കുമെന്നാണ് വിവരം.
Story Summary: Actor Tini Tom responded briefly to the serious allegations made against him by actress Ansiba Hassan, stating that he is leaving everything to God. Ansiba had earlier slammed Tini Tom calling him a “social evil” and accused him of attempting to target her with religious labels like ‘Jihadi’ due to personal grudge.

