പശ്ചിമേഷ്യയിൽ ഇസ്രായേൽ-ലെബനോൻ സംഘർഷം കടുക്കുന്നതിനിടയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ രണ്ട് ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്; ഇതോടെ വില ബാരലിന് 1.93 ഡോളർ ഉയർന്ന് 93.05 ഡോളറിലെത്തി (Global Crude Oil Price Rise). ലെബനോണിൽ ഇസ്രായേൽ അധിനിവേശം ശക്തമായി തുടരുന്നതും ഇറാൻ-യു.എസ് സമാധാന കരാർ അന്തിമമാകാതെ നീണ്ടുപോകുന്നതുമാണ് ആഗോള വിപണിയിൽ പെട്ടെന്നുള്ള ഈ എണ്ണവില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഓഗസ്റ്റിൽ കാലാവധി അവസാനിക്കുന്ന ബ്രെന്റ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 2.1 ശതമാനം ഉയർന്ന് 92.99 ഡോളറിലും, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 2.1 ശതമാനം വർധിച്ച് 89.20 ഡോളറിലും എത്തിയിട്ടുണ്ട്. ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ ഉടൻ സാധ്യമാകുമെന്ന് ഡൊണാൾഡ് ട്രംപ് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇരുപക്ഷത്തെയും ഉപാധികളെച്ചൊല്ലിയുള്ള തർക്കം ചർച്ചകൾ നീട്ടിക്കൊണ്ടുപോകുന്നതും തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചതും വിപണിയിൽ വലിയ തിരിച്ചടിയായി. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിക്കുമോ എന്ന ആശങ്കയിലാണ് പൊതുജനം.
ഇതിനിടെ ആഗോള യുദ്ധപശ്ചാത്തലത്തിൽ രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ ഒന്നിന് 46 രൂപയാണ് വർധിപ്പിച്ചത്; അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല. പുതിയ വിലവർധനവോടെ മുൻപ് 3,085 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 3,131 രൂപയായി ഉയർന്നു. എണ്ണവില കുതിച്ചുയരുന്ന സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ രാജി അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിൽ പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരത കൂടുതൽ രൂക്ഷമാകുന്നത് ആഗോള എണ്ണ വിപണിയെ വരും ദിവസങ്ങളിലും കലുഷിതമാക്കാൻ സാധ്യതയുണ്ട്.
Summary: Global crude oil prices have surged by over 2%, with Brent crude reaching 93.05 dollars per barrel due to the escalating Israel-Lebanon conflict and delayed US-Iran peace talks. Amidst this global energy crisis, the price of commercial LPG cylinders in India was hiked by 46 rupees, while domestic cylinder rates remained unchanged. Experts worry that the continued tension in the Middle East might soon pressure fuel retailers to increase domestic petrol and diesel prices.

