Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala
HomeKeralaകുന്ദമംഗലത്ത് ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച; തൊട്ടടുത്ത ക്ഷേത്രത്തിലും മോഷണശ്രമം, പ്രതിക്കായി...

കുന്ദമംഗലത്ത് ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച; തൊട്ടടുത്ത ക്ഷേത്രത്തിലും മോഷണശ്രമം, പ്രതിക്കായി തിരച്ചിൽ | Chooloor Keederi Vishnu temple theft 

🎙️ Latest Podcast

റിപ്പോർട്ട് : അൻവർ ഷരീഫ്
കോഴിക്കോട്: കുന്ദമംഗലത്തിന് സമീപം ചൂലൂർ കീടേരി വിഷ്ണു നരസിംഹ ക്ഷേത്രത്തിൽ പുലർച്ചെ വൻ മോഷണം (Chooloor Keederi Vishnu temple theft). ക്ഷേത്രവളപ്പിലെയും റോഡരികിലെയും രണ്ട് വലിയ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്. ഇന്ന് (ഞായറാഴ്ച) പുലർച്ചെ പതിവ് പൂജകൾക്കായി ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് അയ്യപ്പ ക്ഷേത്രത്തിന് മുൻപിലുള്ള ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ ആദ്യം കണ്ടത്. തുടർന്ന് ഭരണസമിതി അംഗങ്ങൾ ചേർന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്ര വഴിയോരത്ത് റോഡരികിൽ സ്ഥാപിച്ചിരുന്ന രണ്ടാമത്തെ ഭണ്ഡാരവും പൂട്ട് പൊളിച്ച് ഉള്ളിലുണ്ടായിരുന്ന പണം മുഴുവൻ കവർന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കീടേരി ക്ഷേത്രത്തിലെ കവർച്ചയ്ക്ക് തൊട്ടുമുമ്പുള്ള ദിവസം ഇതേ പരിസരത്തുള്ള ഏരിമല ക്ഷേത്രത്തിലും സമാനമായ രീതിയിൽ മോഷണശ്രമം നടന്നിരുന്നു. ഇരുചക്ര വാഹനത്തിൽ എത്തിയ മോഷ്ടാവ് ഭണ്ഡാരം തകർക്കാൻ ശ്രമിക്കുന്നതിനിടെ ക്ഷേത്ര ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ജീവനക്കാരൻ ഉറക്കെ ശബ്ദം വെച്ച് ആളുകളെ കൂട്ടിയതോടെ പരിഭ്രാന്തനായ മോഷ്ടാവ് മോഷ്ടിച്ച പണവും താൻ വന്ന ബൈക്കും സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച് ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടേതെന്ന് കരുതുന്ന ഹെൽമറ്റും ചെരിപ്പും പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ കേസ് മാവൂർ പോലീസാണ് അന്വേഷിക്കുന്നത്.

കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഒരേ മേഖലയിലെ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ചാ ശ്രമം ഉണ്ടായതോടെ പ്രതി ഒരാൾ തന്നെയാകാം എന്ന നിഗമനത്തിലാണ് പോലീസ്. പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മാവൂർ, കുന്ദമംഗലം പോലീസ് സംയുക്തമായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Story Summary: Robbers broke open two donation boxes (Bhandaram) at Chooloor Keederi Vishnu Narasimha Temple near Kunnamangalam and stole cash. A similar theft attempt was reported at the nearby Erimala Temple, where the thief fled leaving his bike and helmet.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.