Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaകേരളത്തെ തൊടാൻ കാലവർഷം: ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും, ഇന്ന് 2...

കേരളത്തെ തൊടാൻ കാലവർഷം: ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം | Kerala Monsoon Arrival

🎙️ Latest Podcast

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായും മേയ് 26-ഓടെ കേരളത്തിൽ എത്തിയേക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആയി ഇതിൽ വ്യത്യാസം വരാം. നിലവിൽ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും കന്യാകുമാരി പ്രദേശത്തിന്റെ ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിച്ചിട്ടുണ്ട്. കൂടാതെ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലും ആൻഡമാൻ കടലിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുടനീളവും കാലവർഷം സജീവമായിക്കഴിഞ്ഞു.(Kerala Monsoon Arrival Date May 26 IMD Alert Orange Yellow Alert Rain Warning Guidelines)

തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയും അതിൽ നിന്ന് തെക്കൻ ലക്ഷദ്വീപ് വരെ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദ പാത്തിയുമാണ് നിലവിൽ കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാകുന്നത്. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം.

യെല്ലോ അലർട്ട് 

മേയ് 18 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്.

മേയ് 19: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കനത്ത മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കേണ്ടതാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകൾ, വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. അത്യാവശ്യമല്ലാത്ത രാത്രിയാത്രകളും നിയന്ത്രിക്കണം.

ഒരു കാരണവശാലും നദികളോ മറ്റ് ജലാശയങ്ങളോ മുറിച്ചുകടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി സെൽഫി എടുക്കുന്നതും കൂട്ടം കൂടി നിൽക്കുന്നതും പൂർണ്ണമായി ഒഴിവാക്കണം. അടച്ചുറപ്പില്ലാത്തതോ മേൽക്കൂര ശക്തമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും അപകടമുണ്ടാകാൻ സാധ്യതയുണ്ട്.

Story Summary

The IMD has announced that the Southwest Monsoon is likely to hit Kerala by May 26. An Orange alert has been issued for Kannur and Kasaragod today (May 18) due to heavy rainfall and strong winds, alongside Yellow alerts for several other districts. The State Disaster Management Authority has issued strict safety guidelines for the public.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.