ന്യൂഡൽഹി: റിപ്പബ്ലിക് ദിന ചടങ്ങിൽ രാഹുൽ ഗാന്ധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ (പട്ക) ധരിക്കാത്തതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. ഇത് വടക്കുകിഴക്കൻ ജനതയോടുള്ള വിവേചനമാണെന്ന് ബിജെപി ആരോപിച്ചപ്പോൾ, കേന്ദ്ര പ്രതിരോധമന്ത്രിയുടെ ചിത്രം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിച്ചത്.(BJP against Rahul Gandhi on his dressing, Congress hits back)
രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടുതവണ ഓർമ്മിപ്പിച്ചിട്ടും രാഹുൽ ഗാന്ധി പട്ക ധരിക്കാൻ തയ്യാറായില്ലെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. പ്രധാനമന്ത്രിയും വിദേശ പ്രതിനിധികളും ഡ്രസ് കോഡ് പാലിച്ചപ്പോൾ രാഹുൽ മാത്രം വിട്ടുനിന്നത് അഹങ്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ മേഖലയോടുള്ള കോൺഗ്രസിന്റെ വിവേചനമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇത്തരം നിലപാടുകൾ കാരണമാണ് ഈ മേഖലയിൽ കോൺഗ്രസിന് സ്വാധീനം നഷ്ടപ്പെട്ടതെന്നും അദ്ദേഹം പരിഹസിച്ചു.
ബിജെപിയുടെ ആരോപണങ്ങളെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് നേരിട്ടത്. ചടങ്ങിൽ രാഹുൽ ഗാന്ധിയെപ്പോലെ തന്നെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പട്ക ധരിച്ചിരുന്നില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി വിവേചനം കാണിച്ചുവെന്ന് പറയുന്ന ഹിമന്ത ബിശ്വ ശർമ, രാജ്‌നാഥ് സിങ്ങിനോടും ഇതേ കാര്യത്തിന് ക്ഷമാപണം ആവശ്യപ്പെടുമോ എന്ന് കോൺഗ്രസ് സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു.



