ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30-നാണ് വിധി പറയുക.(Jana Nayagan controversy, Madras High Court to pronounce verdict today)
സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഈ മാസം 20-ന് തന്നെ കേസിൽ വിശദമായ വാദം പൂർത്തിയായിരുന്നു. സർട്ടിഫിക്കറ്റ് നൽകുന്നതിൽ സെൻസർ ബോർഡ് അനാവശ്യ താമസം വരുത്തുന്നു എന്നാണ് നിർമ്മാതാക്കളുടെ പരാതി.
സിബിഎഫ്സി ആവശ്യപ്പെട്ട എല്ലാ മാറ്റങ്ങളും വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാതെ സിനിമ വീണ്ടും റിവ്യൂ കമ്മിറ്റിക്ക് വിട്ടത് അകാരണമാണെന്ന് കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു. റിലീസ് വൈകുന്നത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായും അവർ ചൂണ്ടിക്കാട്ടി.
ജനുവരി 9-ന് പൊങ്കൽ റിലീസ് ആയി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ കുരുക്ക് മൂലം തിയേറ്ററിലെത്തിക്കാൻ സാധിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും ‘ജനനായകൻ’ എന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനാൽ ചിത്രത്തിന് വലിയ ജനശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.



