എഡ്മണ്ട്: യുഎസിലെ ഒക്ലഹോമയിലുണ്ടായ വെടിവയ്പിൽ 18 വയസുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു (Oklahoma Shooting). കഴിഞ്ഞ ഞായറാഴ്ച ഒക്ലഹോമ സിറ്റിക്ക് സമീപം നടന്ന ലേക്ക് സൈഡ് പാർട്ടിക്കിടെയുണ്ടായ ആക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒക്ലഹോമ സിറ്റിയുടെ പ്രാന്തപ്രദേശമായ എഡ്മണ്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അർക്കാഡിയ തടാകക്കരയിൽ നടന്ന ‘സൺഡേ ഫൺഡേ’ എന്ന പരിപാടിക്കിടെയാണ് അക്രമം നടന്നത്. പാർടിക്കിടെയുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് 18 വയസ്സുള്ള യുവതിയാണ്. പരിക്കേറ്റ 22 പേരിൽ ആറുപേർ 15 വയസ്സിൽ താഴെയുള്ള കുട്ടികളാണെന്ന് എഡ്മണ്ട് പൊലീസ് മേധാവി ജെ.ഡി. യംഗർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സോഷ്യൽ മീഡിയ വഴി പ്രചാരണം ലഭിച്ചതിനെത്തുടർന്ന് ഒക്ലഹോമ സിറ്റിയിൽ നിന്നുള്ള നിരവധി യുവാക്കളാണ് പാർടിയിൽ പങ്കെടുക്കാൻ എത്തിയത്. അമിത ശബ്ദമുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെടിവയ്പുണ്ടായത്. പ്രതിക്കെതിരെ നിലവിൽ മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് കേസെടുത്തിട്ടുള്ളതെങ്കിലും ഇത് കൊലപാതക കുറ്റമായി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.
ഗൺ വയലൻസ് ആർക്കൈവിന്റെ കണക്കുകൾ പ്രകാരം ഈ വർഷം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 131-ാമത്തെ മാസ് ഷൂട്ടിങ്ങാണിത്. വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ ഈ ദാരുണ സംഭവം പ്രദേശവാസികളെയും സന്ദർശകരെയും വലിയ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.
Story Summary: An 18-year-old suspect was arrested for a mass shooting at a lakeside party in Oklahoma, USA, which killed an 18-year-old woman and injured 22 others, including children. The incident occurred during a “Sunday Funday” event at Lake Arcadia near Edmond. This marks the 131st mass shooting in the US this year.

