വാഷിംഗ്ടൺ: ഗൾഫ് മേഖലയിലെ യുദ്ധം അവസാനിപ്പിക്കാനായി വൈറ്റ് ഹൗസ് തയ്യാറാക്കിയ ഒരു പേജ് കരാറിനോട് ഇറാൻ അനുകൂലമായി പ്രതികരിക്കുന്നുവെന്ന് സൂചന. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കമായ ‘പ്രോജക്റ്റ് ഫ്രീഡം’ താൽക്കാലികമായി നിർത്തിവെച്ചതോടെയാണ് സമാധാന ചർച്ചകൾക്ക് വഴിതുറന്നത്.(US Iran Peace Agreement Project Freedom Paused 2026)
ഇറാൻ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ പരിപാടിക്ക് മോറട്ടോറിയം ഏർപ്പെടുത്തണം. പകരമായി ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കാനും മരവിപ്പിച്ചു വെച്ചിരിക്കുന്ന ശതകോടിക്കണക്കിന് ഡോളർ വിട്ടുനൽകാനും യുഎസ് സമ്മതിക്കും. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇരുരാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കും.
ധാരണാപത്രം ഒപ്പിട്ടാൽ തുടർന്നുള്ള 30 ദിവസത്തിനുള്ളിൽ വിശദമായ സമാധാന കരാറിലെത്താനാണ് പദ്ധതി. ഈ കാലയളവിൽ ഇറാനുമേലുള്ള യുഎസ് ഉപരോധങ്ങളും കപ്പലുകൾക്ക് ഇറാൻ ഏർപ്പെടുത്തിയ തടസ്സങ്ങളും ഘട്ടം ഘട്ടമായി ഒഴിവാക്കും. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. പാകിസ്ഥാൻ ഇതിൽ പ്രധാന മധ്യസ്ഥന്റെ റോളിലുണ്ട്.
30 ദിവസത്തെ ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ ഉപരോധം പുനഃസ്ഥാപിക്കാനും സൈനിക നടപടി തുടരാനും യുഎസ് സേനയ്ക്ക് അധികാരമുണ്ടായിരിക്കും.ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് സുരക്ഷ നൽകാൻ ഞായറാഴ്ച ആരംഭിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ കാര്യമായ ഫലം കണ്ടിരുന്നില്ല. ഇത് ഇറാൻ കൂടുതൽ ആക്രമണങ്ങൾ നടത്താൻ കാരണമായിരുന്നു. കഴിഞ്ഞ ദിവസം ഒരു ഫ്രഞ്ച് കപ്പലിന് നേരെയും ആക്രമണമുണ്ടായി. ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായതിനാലാണ് സൈനിക നീക്കം നിർത്തിവെക്കുന്നതെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. അതേസമയം, ന്യായമായതും സമഗ്രവുമായ കരാറിനാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് ചൈന സന്ദർശനത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പ്രതികരിച്ചു.
Story Summary
The US and Iran are close to signing a 14-point memorandum to end the conflict in the Gulf. Following “great progress” in negotiations mediated by Pakistan, President Donald Trump has paused the naval mission “Project Freedom.” The deal involves Iran halting nuclear enrichment in exchange for the lifting of US sanctions and the reopening of the Strait of Hormuz.

