കൊച്ചി: തിരഞ്ഞെടുപ്പിൽ തോറ്റ പാർട്ടികൾ പിരിച്ചുവിടണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും അങ്ങനെയാണെങ്കിൽ കോൺഗ്രസ് എന്നേ പിരിച്ചുവിടേണ്ടി വരുമായിരുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു (Sabu M Jacob News). കുന്നത്തുനാട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്വന്റി 20 പിരിച്ചുവിടണമെന്ന് വി.പി. സജീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സാബു ജേക്കബ് രംഗത്തെത്തിയത്.
കഴിഞ്ഞ തവണ സജീന്ദ്രൻ തോറ്റപ്പോൾ എന്തുകൊണ്ട് പാർട്ടി പിരിച്ചുവിട്ടില്ലെന്ന് സാബു ജേക്കബ് ചോദിച്ചു. “തിരഞ്ഞെടുപ്പിൽ എത്രയോ മന്ത്രിമാരും പ്രമുഖരും തോൽക്കുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന് വെറും 40 സീറ്റല്ലേ ഉണ്ടായിരുന്നുള്ളൂ, അന്ന് എന്തുകൊണ്ട് അവർ പിരിച്ചുവിട്ടില്ല? തോൽക്കുന്ന പാർട്ടികളെല്ലാം പിരിച്ചുവിട്ടാൽ പിന്നെ മത്സരിക്കാൻ ഇവിടെ ആരും ഉണ്ടാവില്ല,” അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് വീശിയടിച്ച യുഡിഎഫ് തരംഗത്തിലും ട്വന്റി 20 പിടിച്ചുനിന്നുവെന്ന് സാബു ജേക്കബ് അവകാശപ്പെട്ടു.
കുന്നത്തുനാട് പോലുള്ള ക്രിസ്ത്യൻ മേഖലകളിൽ ട്വന്റി 20-യെ വർഗീയ പാർട്ടിയായും ‘സംഘി’കളായും എൽഡിഎഫും യുഡിഎഫും ചിത്രീകരിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.സഖ്യം രൂപീകരിച്ച് ആഴ്ചകൾക്കുള്ളിൽ തിരഞ്ഞെടുപ്പ് വന്നതിനാൽ വോട്ടർമാർക്കിടയിലെ ആശയക്കുഴപ്പം മാറ്റാൻ സമയം ലഭിച്ചില്ല. ഇത് തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ നഷ്ടത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ മുന്നേറ്റത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് വലിയ വിജയം നേടിയ ഈ തിരഞ്ഞെടുപ്പിൽ ട്വന്റി 20-യുടെ പ്രകടനത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ കൊച്ചിയിൽ സജീവമാണ്.
Story Summary: Twenty20 President Sabu M. Jacob slammed Congress leader V.P. Sajeendran’s suggestion to dissolve the party following the election results. Sabu Jacob argued that if losing parties should dissolve, Congress should have done so long ago. He blamed the UDF and LDF for misleading voters in Kunnathunad by labelling Twenty20 as a communal entity.

