ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് അധികാരം പിടിച്ചെടുത്ത തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് ആശംസകളുമായി നടൻ വിജയ് ദേവരകൊണ്ട (Vijay Deverakonda Wish Thalapathy Vijay). തമിഴ് രാഷ്ട്രീയത്തിലെ പുതിയ അധ്യായത്തിന് സാക്ഷ്യം വഹിക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് താരം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
വിജയിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും അവിശ്വസനീയമായ പോരാട്ടത്തെ അഭിനന്ദിച്ച വിജയ് ദേവരകൊണ്ട തമിഴ് ജനതയ്ക്കും പ്രശംസയറിയിച്ചു.
“പുതിയ തുടക്കം വിജയ് ഗാരു. ജനങ്ങൾ ഒന്നടങ്കം വോട്ട് രേഖപ്പെടുത്താനും അവർക്കുവേണ്ടി നിലകൊള്ളാനും കാണിച്ച ഈ കരുത്തിന് തമിഴ്നാട്ടിലെ ജനങ്ങളോട് എനിക്കുള്ള ആദരവും അഭിനന്ദനങ്ങളും അറിയിക്കുന്നു. തമിഴ്നാട്ടിലെ എല്ലാ ജനങ്ങൾക്കും പുതിയ മുഖ്യമന്ത്രിക്കും ഐശ്വര്യവും കൂട്ടായ വളർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. തമിഴ് രാഷ്ട്രീയത്തിലെ ഈ പുതിയ ഘട്ടവും പുതിയ മുഖവും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.” – വിജയ് ദേവരകൊണ്ട കുറിച്ചു.
നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ നൂറിലധികം സീറ്റുകൾ നേടി തമിഴ് മണ്ണിൽ വിജയ് ഭരണമുറപ്പിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വിരളമായ കാഴ്ചയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിച്ചിരുന്ന തമിഴ് രാഷ്ട്രീയ ഭൂമികയിലാണ് വിജയ് എന്ന നടൻ തന്റെ രാഷ്ട്രീയ പാർട്ടിയുമായി മാറ്റം കൊണ്ടുുവന്നത്. വിജയത്തിന് പിന്നാലെ വിജയ് ദേവരകൊണ്ടയെ കൂടാതെ തെന്നിന്ത്യൻ സിനിമാലോകത്തെ നിരവധി പ്രമുഖരും താരത്തിന് ആശംസകളുമായി രംഗത്തെത്തി. തമിഴ് ജനത ആഗ്രഹിച്ച മാറ്റത്തിന്റെ തുടക്കമായാണ് ഈ വിജയത്തെ സിനിമാ-രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്.
Story Summary: Telugu actor Vijay Deverakonda congratulated Thalapathy Vijay on his historic victory in the Tamil Nadu Assembly Elections. He praised the people of Tamil Nadu for their mandate and expressed excitement for the new era of leadership under the TVK chief.

