കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അവിശ്വസനീയമായ മാറ്റം. മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വന്തം തട്ടകമായ ഭവാനിപൂരിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി ചരിത്ര വിജയം കുറിച്ചു. അഞ്ച് വർഷം മുൻപ് നന്ദിഗ്രാമിൽ മമതയെ വീഴ്ത്തിയ സുവേന്ദു, ഇക്കുറി മമതയുടെ രാഷ്ട്രീയ തട്ടകമായ കൊൽക്കത്തയിലെ ഭവാനിപൂരിലും വിജയം ആവർത്തിച്ചു. മമതയുടെ പരാജയത്തിനൊപ്പം 293 സീറ്റുകളിൽ 200-ലേറെ സീറ്റുകളിലും ലീഡ് ചെയ്യുന്ന ബിജെപി ബംഗാളിൽ ആദ്യമായി അധികാരത്തിലേറുകയാണ്.(Suvendu Adhikari Defeats Mamata Banerjee In Bhowanipore Bengal Elections 2026)
തിങ്കളാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഭവാനിപൂരിൽ കടുത്ത പോരാട്ടമാണ് നടന്നത്. പോസ്റ്റൽ ബാലറ്റുകളിൽ സുവേന്ദു മുന്നിലെത്തിയെങ്കിലും ഏഴാം റൗണ്ട് പിന്നിട്ടപ്പോൾ 19,000 വോട്ടുകളുടെ ഭൂരിപക്ഷവുമായി മമത തിരിച്ചുവന്നു. എന്നാൽ ഉച്ചകഴിഞ്ഞ് നില മാറി. വൈകുന്നേരം ആറരയോടെ മമതയുടെ ലീഡ് 2,900 ആയി കുറയുകയും, 18-ാം റൗണ്ട് അവസാനിച്ചപ്പോൾ സുവേന്ദു 11,000 വോട്ടുകൾക്ക് മുന്നിലെത്തുകയും ചെയ്തു. ഒടുവിൽ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു വിജയം ഉറപ്പിച്ചത്.
ആർ.ജി. കർ മെഡിക്കൽ കോളേജ് സംഭവത്തെത്തുടർന്നുണ്ടായ ജനരോഷം മമതയുടെ സ്ത്രീ സുരക്ഷാ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരുന്നു. ഭരണവിരുദ്ധ തരംഗത്തിനൊപ്പം മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയുടെ കൃത്യമായ രാഷ്ട്രീയ നീക്കങ്ങളും ഭവാനിപൂരിലെ വോട്ടർമാരെ സ്വാധീനിച്ചു. മുഖ്യമന്ത്രി താമസിക്കുന്ന കാളിഘട്ട് ഉൾപ്പെടുന്ന മണ്ഡലത്തിൽ നേരിട്ട ഈ പരാജയം തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ വലിയ തകർച്ചയാണ്. നന്ദിഗ്രാമിന് പിന്നാലെ ഭവാനിപൂരും പിടിച്ചെടുത്തതോടെ ബംഗാൾ രാഷ്ട്രീയത്തിലെ പുതിയ കരുത്തനായി സുവേന്ദു അധികാരി മാറി. വൻ ഭൂരിപക്ഷത്തോടെ ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Story Summary
In a historic political shift, BJP’s Suvendu Adhikari defeated Chief Minister Mamata Banerjee in her home constituency of Bhowanipore in the 2026 Bengal elections. Following her 2021 defeat in Nandigram, this loss marks a significant blow to TMC as BJP crosses the 200-seat mark to form its first-ever government in West Bengal.

