നെടുമങ്ങാട്: എംസി റോഡിൽ കന്യാകുളങ്ങര ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം (Vembayam Accident). വെമ്പായം കൊഞ്ചിറ പോങ്കുന്നു ഷാഹിൻ വില്ലയിൽ ഷിറാസ് ഖാൻ – സുമയ്യ ദമ്പതികളുടെ മകൻ എസ്.കെ. മുഹമ്മദ് ഷാഹിൻ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
ജോർദാനിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു ഷാഹിൻ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് സർവകലാശാല അവധി നൽകിയതിനാലാണ് ഒരു മാസം മുൻപ് ഷാഹിൻ നാട്ടിലെത്തിയത്. കൊഞ്ചിറ ഭാഗത്തുനിന്ന് ബൈക്കിൽ കന്യാകുളങ്ങര ജങ്ഷനിലേക്ക് വരികയായിരുന്നു ഷാഹിൻ. ഈ സമയം വെമ്പായത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഷാഹിനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനം പൂർത്തിയാക്കി ഡോക്ടറായി കാണാൻ കാത്തിരുന്ന കുടുംബത്തിന് ഷാഹിന്റെ മരണം തീരാവേദനയായി. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Story Summary: S.K. Muhammed Shahin (24), a third-year MBBS student in Jordan, died in a road accident after a KSRTC bus hit his bike at Kanyakulangara junction. Shahin had returned home a month ago due to the conflict in the Middle East. The accident occurred while the bus was attempting to overtake another vehicle.

