അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) മറ്റൊരു വിസ്മയ റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്‌ലി (Virat Kohli 8000 IPL Runs in India). ഇന്ത്യൻ മണ്ണിൽ മാത്രം 8,000 ഐപിഎൽ റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയായിരുന്നു ഈ നാഴികക്കല്ല് പിന്നിട്ടത്.
മത്സരത്തിന് മുൻപ് ഇന്ത്യയിൽ നടന്ന ഐപിഎൽ മത്സരങ്ങളിൽ നിന്നായി 7,988 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. 8,000 തികയ്ക്കാൻ വെറും 12 റൺസ് മാത്രം വേണ്ടിയിരുന്ന താരം അതിവേഗമാണ് റെക്കോർഡിലേക്ക് എത്തിയത്. കാഗിസോ റബാഡ എറിഞ്ഞ മത്സരത്തിലെ രണ്ടാം ഓവറിൽ തുടർച്ചയായ അഞ്ച് ഫോറുകളടക്കം 21 റൺസാണ് വിരാട് അടിച്ചുകൂട്ടിയത്. 13 പന്തിൽ 28 റൺസെടുത്താണ് താരം പുറത്തായത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐപിഎൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ കോഹ്‌ലി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശർമ്മയ്ക്ക് 6,274 റൺസാണുള്ളത്. 5,819 റൺസുമായി ശിഖർ ധവാനാണ് മൂന്നാം സ്ഥാനത്ത്. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനായ കോഹ്‌ലി, തന്റെ സ്ഥിരതയാർന്ന പ്രകടനം കൊണ്ട് റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ടേയിരിക്കുകയാണ്.
Story Summary: Virat Kohli became the first player in IPL history to score 8,000 runs on Indian soil. He achieved this milestone during the match against Gujarat Titans at the Narendra Modi Stadium in Ahmedabad. Kohli reached the mark in spectacular fashion by hitting five consecutive boundaries off Kagiso Rabada’s over.

