ഹൈദരാബാദ്: കെ കവിത അധ്യക്ഷയായ പുതിയ രാഷ്ട്രീയ പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. “തെലങ്കാന രക്ഷണ സേന” എന്നാണ് പാർട്ടിയുടെ പേര്. ടിആർഎസ് (TRS) എന്ന ചുരുക്കപ്പേര് തന്നെ പുതിയ പാർട്ടിക്കും ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.(ECI approves ‘Telangana Rakshana Sena’ for K Kavitha’s party)
ഏപ്രിൽ 25-ന് മുനീരാബാദിൽ നടന്ന പൊതുയോഗത്തിൽ “തെലങ്കാന രാഷ്ട്ര സേന” എന്നായിരിക്കും പാർട്ടിയുടെ പേരെന്ന് കവിത പ്രഖ്യാപിച്ചിരുന്നു. എന്നാൽ കമ്മീഷൻ അംഗീകരിച്ചത് കവിത അപേക്ഷയിൽ നൽകിയ മുൻഗണനാ പട്ടികയിലെ മൂന്നാമത്തെ പേരായ “തെലങ്കാന രക്ഷണ സേന” എന്ന പേരാണ്.
ആദ്യം “തെലങ്കാന പ്രജ ജാഗൃതി” എന്ന പേരിനാണ് കവിത അപേക്ഷിച്ചിരുന്നത്. എന്നാൽ മറ്റ് പേരുകൾ കൂടി നിർദ്ദേശിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് അഞ്ച് പേരുകൾ നൽകി. തെലങ്കാന പ്രജ ജാഗൃതി, തെലങ്കാന ജാഗൃതി, തെലങ്കാന രക്ഷണ സേന, തെലങ്കാന രാഷ്ട്ര ജാഗൃതി, തെലങ്കാന പ്രജ ശക്തി എന്നിവയായിരുന്നു നിർദ്ദേശിച്ച പേരുകൾ. ഇതിൽ നിന്നാണ് തെലങ്കാന രക്ഷണ സേനയ്ക്ക് അനുമതി ലഭിച്ചത്.
“ഇനി തെലങ്കാന രക്ഷണ സേന (TRS)! കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തെലങ്കാന ജാഗൃതിയിലൂടെ ചെയ്തതുപോലെ തെലങ്കാനയിലെ ജനങ്ങളെ സേവിക്കാനും സംരക്ഷിക്കാനും ഞങ്ങൾ അശ്രാന്തമായി പരിശ്രമിക്കും,” എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നാലെ കവിത എക്സിൽ കുറിച്ചത്. 2026 ജനുവരിയിലാണ് പേരിനായുള്ള അപേക്ഷ സമർപ്പിച്ചതെന്നും അഞ്ചിൽ മൂന്നാമത്തെ ചോയ്സിനാണ് കമ്മീഷൻ അംഗീകാരം നൽകിയതെന്നും അവർ വ്യക്തമാക്കി.

