തിരുവനന്തപുരം: കഴിഞ്ഞ വർഷം ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്നായി 35.7 ലക്ഷം ടൺ സമുദ്രമത്സ്യം ലഭിച്ചതായി സി.എം.എഫ്.ആർ.ഐ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വർധനവാണിത്.(Increase in marine fish availability on Indian coasts, plenty of Sardines in Kerala)
തമിഴ്‌നാട് 6.85 ലക്ഷം ടൺ ഉൽപ്പാദനവുമായി രാജ്യത്ത് ഒന്നാം സ്ഥാനത്ത് ആണ്. പ്രതികൂല കാലാവസ്ഥയും നിരോധന കാലയളവിലെ മാറ്റവും കാരണം ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ശതമാനം വർധനവോടെ 6.24 ലക്ഷം ടൺ മത്സ്യം ലഭിച്ച കേരളം മൂന്നാം സ്ഥാനം നിലനിർത്തി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന മത്തി ലഭ്യതയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. 13 ശതമാനം വർധനവോടെ 1.68 ലക്ഷം ടൺ മത്തിയാണ് ലഭിച്ചത്. 2013-ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ) എന്നിവയാണ് മത്തിക്ക് പിന്നാലെ കൂടുതൽ ലഭിച്ചവ. എന്നാൽ ചെമ്മീൻ, പാമ്പാട എന്നിവയുടെ ലഭ്യതയിൽ കുറവുണ്ടായി. കേരളത്തിൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കൊല്ലത്തെ നീണ്ടകര ഒന്നാം സ്ഥാനത്തും എറണാകുളത്തെ മുനമ്പം രണ്ടാം സ്ഥാനത്തുമുണ്ട്.

