49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധേയമാകുന്നത് നടി ഹണി റോസിന്റെ നേട്ടമാണ് (Honey Rose). ആനന്ദിനി ബാല സംവിധാനം ചെയ്ത ‘റേച്ചൽ’ എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം താരം സ്വന്തമാക്കി. അഭിനയരംഗത്ത് ഇരുപത് വർഷം പൂർത്തിയാക്കുന്ന ഹണി റോസിനെ തേടിയെത്തുന്ന കരിയറിലെ ആദ്യ പുരസ്‌കാരം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
അവാർഡ് വാർത്തയറിഞ്ഞതിന് പിന്നാലെ ഹണി റോസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ ഒരു പ്രഭാതമാണിതെന്ന് താരം കുറിച്ചു.
“ഏറ്റവും സന്തോഷകരമായ വാർത്ത കേട്ടാണ് ഇന്ന് ഞാൻ ഉണർന്നത്. റേച്ചലിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് ലഭിച്ചിരിക്കുന്നു. ഇത് എന്റെ ആദ്യത്തെ അവാർഡാണ്, അതിന്റെ ആവേശത്തിലാണ് ഞാൻ. റേച്ചലിനായി എന്റെ ഹൃദയവും ആത്മാവും നൽകിയുള്ള പരിശ്രമമാണ് നടത്തിയത്.” – ഹണി റോസ് പറഞ്ഞു.
സംവിധായിക ആനന്ദിനി ബാല, എബ്രിഡ് ഷൈൻ, രാഹുൽ മനപ്പാട്ട്, ബാദുഷ എന്നിവരടങ്ങുന്ന റേച്ചൽ ടീമിന് താരം നന്ദി അറിയിക്കുകയും ചെയ്തു.
ഗ്ലാമർ വേഷങ്ങളിൽ നിന്ന് മാറി തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് ‘റേച്ചൽ’ എന്ന ചിത്രത്തിൽ ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഒരു ഇറച്ചി വെട്ടുകാരിയുടെ വേഷം അവതരിപ്പിക്കാൻ മാസങ്ങളോളം താരം പ്രത്യേക പരിശീലനം നടത്തിയിരുന്നു. മോഹൻലാൽ മികച്ച നടനായും കല്യാണി പ്രിയദർശൻ, അനശ്വര രാജൻ എന്നിവർ മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ട അവാർഡ് പട്ടികയിലാണ് ഹണി റോസും അഭിമാനകരമായ നേട്ടം കൈവരിച്ചത്.
Story Summary: Actress Honey Rose has won her first-ever acting award after two decades in the film industry, securing the Second Best Actress title at the 49th Kerala Film Critics Awards for her role in ‘Rachel’. Expressing her excitement on social media, she dedicated the win to her hard work and the film’s creative team.

