ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നിൽ നടന്ന വെർച്വൽ കോടതി നടപടികളിൽ അപ്രതീക്ഷിത തടസ്സം. വീഡിയോ കോൺഫറൻസിംഗിലൂടെ വാദം കേൾക്കുന്നതിനിടെ അജ്ഞാതർ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിനെത്തുടർന്ന് നടപടികൾ രണ്ടുതവണ നിർത്തിവെക്കേണ്ടി വന്നു. (Obscene footage during virtual hearing in Delhi High Court, Proceedings disrupted)
ബെഞ്ച് ഒരു കേസിൽ വാദം കേട്ടുകൊണ്ടിരിക്കെ, വെർച്വൽ സെഷനിലേക്ക് കടന്നുകൂടിയ അജ്ഞാതൻ സ്ക്രീൻ ഷെയറിംഗ് ഓപ്ഷൻ ദുരുപയോഗം ചെയ്ത് അശ്ലീല ഉള്ളടക്കം പ്ലേ ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കോടതി ഉദ്യോഗസ്ഥർ സെഷൻ നിർത്തിവെക്കുകയും വീഡിയോ കോൺഫറൻസിംഗ് ലിങ്ക് റദ്ദാക്കുകയും ചെയ്തു.
തടസ്സം നീക്കി പ്ലാറ്റ്ഫോം വീണ്ടും പുനഃസ്ഥാപിച്ചെങ്കിലും, മിനിറ്റുകൾക്കകം സമാനമായ രീതിയിൽ വീണ്ടും അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇതോടെ കോടതി നടപടികൾ വീണ്ടും തടസ്സപ്പെട്ടു. രണ്ടാമതും സുരക്ഷാ വീഴ്ച ഉണ്ടായതോടെ വീഡിയോ കോൺഫറൻസിംഗ് സംവിധാനം പൂർണ്ണമായും അടച്ചുപൂട്ടാൻ അധികൃതർ നിർബന്ധിതരായി.
കോവിഡ് മഹാമാരിക്ക് ശേഷം കോടതി നടപടികളിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയ വെർച്വൽ ഹിയറിംഗുകളുടെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് ഈ സംഭവം ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കോടതിയുടെ ഔദ്യോഗിക നടപടികൾക്കിടയിലേക്ക് ഇത്തരത്തിൽ കടന്നുകയറാൻ സാധിച്ചത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

