ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ വിമാന ഇന്ധനത്തിന് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, വില നിർണ്ണയ രീതിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് വിമാനക്കമ്പനികളുടെ അടിയന്തര സന്ദേശം. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ആണ് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചത്.(Airlines cite ‘extreme stress’, seek changes in ATF pricing formula)
നിലവിലെ ഇന്ധന വിലനിർണ്ണയ രീതി ആഭ്യന്തര-രാജ്യാന്തര സർവീസുകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഏപ്രിൽ 26-ന് അയച്ച കത്തിൽ എഫ്ഐഎ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ വ്യോമയാന മേഖല കടുത്ത സമ്മർദ്ദത്തിലാണ്. പല കമ്പനികളും പ്രവർത്തനം നിർത്തേണ്ട അവസ്ഥയിലാണ്. പശ്ചിമേഷ്യൻ യുദ്ധവും ഇന്ധനവിലയിലെ അമിതമായ വർധനയും ഈ തകർച്ചയ്ക്ക് ആക്കം കൂട്ടി, കത്തിൽ പറയുന്നു.
സാധാരണയായി വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40% ആണ് ഇന്ധനത്തിന് ചിലവാകുന്നത്. എന്നാൽ നിലവിൽ ഇത് 55-60% ആയി ഉയർന്നു. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 72 ഡോളറിൽ നിന്ന് 118 ഡോളറായി വർധിച്ചു. വിമാന ഇന്ധനത്തിന്റെ വില ബാരലിന് 87.24 ഡോളറിൽ നിന്ന് 235.63 ഡോളറിലെത്തി. ഇത് ഏകദേശം 295 ശതമാനത്തിന്റെ വർധനവാണ്.
ഇന്ധനവിലയ്ക്ക് പുറമെ മറ്റ് പല ഘടകങ്ങളും കമ്പനികളെ ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ വ്യോമപാത നിയന്ത്രണങ്ങൾ. പാകിസ്ഥാൻ വ്യോമപാതയിൽ ഇന്ത്യൻ വിമാനങ്ങൾക്കുള്ള നിരോധനം. രൂപയുടെ മൂല്യത്തകർച്ച. പ്രതിസന്ധി മറികടക്കാൻ നടപടികൾ വേണമെന്നാണ് എഫ്ഐഎ ആവശ്യപ്പെടുന്നത്. ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധനത്തിന്മേലുള്ള 11% എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി പിൻവലിക്കുക. വിവിധ സംസ്ഥാനങ്ങൾ ഈടാക്കുന്ന ഉയർന്ന വാറ്റ് (VAT) കുറയ്ക്കാൻ ഇടപെടുക. വിമാനക്കമ്പനികളുടെയും എണ്ണക്കമ്പനികളുടെയും ലാഭവിഹിതം നിയന്ത്രിക്കുന്ന ‘ക്രാക്ക് ബാൻഡ്’ സംവിധാനം പുനഃസ്ഥാപിക്കുക.

