ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഇന്ദിരാപുരത്തെ ഗോർ ഗ്രീൻ അവന്യൂ ഹൗസിംഗ് സൊസൈറ്റിയിൽ ബുധനാഴ്ച രാവിലെ വൻ തീപിടുത്തം (Massive Fire Ghaziabad Flat). ഒമ്പതാം നിലയിലെ ഒരു ഫ്ലാറ്റിൽ നിന്ന് ആരംഭിച്ച തീ നിമിഷനേരം കൊണ്ട് മറ്റ് നിലകളിലേക്കും വ്യാപിച്ചു. കനത്ത കാറ്റും ചൂടും തീ അതിവേഗം പടരാൻ കാരണമായി. രാവിലെ 8:30-ഓടെയാണ് ഒമ്പതാം നിലയിലെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായത്. പത്താം നിലയിലേക്കും മറ്റ് മുകളിലത്തെ നിലകളിലേക്കും തീ പടരുകയും ഏകദേശം 8 മുതൽ 12 വരെ ഫ്ലാറ്റുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
20-ഓളം ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഡെൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ നിന്ന് പോലും കാണാവുന്ന രീതിയിൽ കറുത്ത പുക ആകാശത്തേക്ക് ഉയർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഫ്ലാറ്റുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് സുരക്ഷിതമായി ഒഴിപ്പിച്ചു. നിലവിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. പോലീസ് കമ്മീഷണറോടും ജില്ലാ മജിസ്ട്രേറ്റിനോടും നേരിട്ട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു.
വീഴ്ചകൾ അനുവദിക്കില്ലെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൊസൈറ്റിയിലെ മതിലുകൾ കാരണം ഫയർ എഞ്ചിനുകൾക്ക് കൃത്യമായ മർദ്ദത്തിൽ വെള്ളം മുകളിലെ നിലകളിലേക്ക് എത്തിക്കാൻ പ്രയാസം നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ആഴ്ചകളിലും ഗാസിയാബാദിലെ വിവിധയിടങ്ങളിൽ സമാനമായ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Summary: A major fire broke out at the Gaur Green Avenue housing society in Indirapuram, Ghaziabad, on Wednesday morning. Starting from a 9th-floor flat, the blaze quickly spread to multiple floors, damaging 8-12 units. Around 20 fire tenders were deployed to control the flames, and no casualties were reported. UP CM Yogi Adityanath has ordered a high-level probe into the incident, emphasizing zero tolerance for negligence.

