ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ സിയാങ്‌സി മേഖലയിൽ പണ്ട് നിലനിന്നിരുന്ന ‘ലുവോ ഹുവ ഡോങ് എൻവി’ എന്ന ഭീതിജനകമായ ആചാരത്തെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നു. യുവതികളെ ഗുഹാ ദേവന്മാർക്ക് ബലിയർപ്പിക്കുന്ന ഈ ആചാരം ‘സിയാങ്‌സിയിലെ മൂന്ന് തിന്മകളിൽ’ ഒന്നായാണ് അറിയപ്പെട്ടിരുന്നത് (China Cave God Bride Ritual). സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് ഈ വിചിത്ര ആചാരത്തെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
16-നും 25-നും ഇടയിൽ പ്രായമുള്ള, സുന്ദരികളും ബുദ്ധിമതികളുമായ അവിവാഹിതരായ യുവതികളെയാണ് ഈ ആചാരത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഇവർ ഗുഹാ ദേവനാൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്ന് ഗ്രാമീണർ വിശ്വസിച്ചിരുന്നു. ഈ വിശ്വാസമനുസരിച്ച്, തിരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികൾ ക്രമേണ ഏകാന്തത ഇഷ്ടപ്പെടുകയും അമിതമായ ശുചിത്വം പാലിക്കുകയും ചെയ്യും. ആരോടോ സംസാരിക്കുന്നത് പോലെ ഇവർ പെരുമാറുന്നതോടെ ഇവർ ദേവന്റെ വധുവാകാൻ തയ്യാറെടുക്കുകയാണെന്ന് കുടുംബം ഉറപ്പിക്കും.
പെൺകുട്ടിയുടെ അവസ്ഥ മാറിയില്ലെങ്കിൽ ഒരു ശുഭദിനം നോക്കി അവരെ അടുത്തുള്ള ഗുഹയിലേക്ക് അയക്കും. അവിടെ ആഹാരവും വെള്ളവുമില്ലാതെ ദിവസങ്ങളോളം കഴിയുന്ന ഇവർ ഒടുവിൽ പട്ടിണി കിടന്ന് മരണത്തിന് കീഴടങ്ങും. ഈ പെൺകുട്ടികൾ മരിക്കുമ്പോൾ ഗ്രാമവാസികൾ ദുഃഖിക്കില്ല. പകരം അവർ ഗുഹാ ദേവനെ വിവാഹം കഴിച്ചു എന്നാണ് വിശ്വസിച്ചിരുന്നത്. അതിനാൽ ശവസംസ്കാരത്തിന് പകരം വിവാഹ ചടങ്ങുകളാണ് നടത്തിയിരുന്നത്. പെൺകുട്ടിക്കുള്ള സ്ത്രീധനം ഗുഹയ്ക്ക് മുന്നിൽ വെച്ച് കത്തിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.
മൃതദേഹങ്ങളെ മണികുലുക്കി നടത്തുന്നു എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ‘കോർപ്സ് ഡ്രൈവിംഗ്’, വിഷം കലർന്ന പ്രാണികളെ ഉപയോഗിച്ചുള്ള മന്ത്രവാദം എന്നിവയായിരുന്നു സിയാങ്‌സിയിലെ മറ്റ് രണ്ട് തിന്മകൾ. നിലവിൽ ഇത്തരം ആചാരങ്ങൾ നിലവിലില്ലെങ്കിലും അക്കാലത്തെ ഗോത്രവർഗ്ഗ വിശ്വാസങ്ങളുടെ ഭാഗമായിരുന്നു ഇവയെല്ലാം.
Summary: The ancient and tragic Chinese ritual of “Luo Hua Dong Nv,” where young women were sacrificed to “Cave Deities,” has resurfaced in cultural discussions. Practiced by Miao communities in Xiangxi, it involved sending young women aged 16-25 into caves to die of starvation, believing they were marrying a god. Instead of funerals, wedding ceremonies were held, complete with burning dowries. This practice was historically categorized as one of the “Three Evils of Xiangxi.”

