ബമാകോ: മാലി പ്രതിരോധ മന്ത്രി സാദിയോ കാമറ ചാവേർ ട്രക്ക് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കാട്ടിയിലെ മന്ത്രിയുടെ വസതിക്ക് നേരെയായിരുന്നു ആക്രമണം. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ കാമറ പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയതെന്ന് ഔദ്യോഗിക ടെലിവിഷൻ സ്ഥിരീകരിച്ചു. സൈനിക ഭരണത്തലവൻ ജനറൽ അസിമി ഗോയിറ്റയുടെ വസതിക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.(Mali defence minister killed as country hit by wave of rebel attacks)
സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് മന്ത്രിയുടെ വസതിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണകാരികളുമായി വെടിയുതിർത്ത മന്ത്രി അവരിൽ ചിലരെ വധിച്ചെങ്കിലും മാരകമായി പരിക്കേൽക്കുകയായിരുന്നു. സ്ഫോടനത്തിൽ മന്ത്രിയുടെ വസതിയും സമീപത്തെ പള്ളിയും പൂർണ്ണമായും തകർന്നു. ആക്രമണത്തിൽ കാമറയുടെ മൂന്ന് കുടുംബാംഗങ്ങളും പള്ളിയിലുണ്ടായിരുന്ന ഏതാനും വിശ്വാസികളും കൊല്ലപ്പെട്ടു.
അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പായ ജെ.എൻ.ഐ.എം (JNIM), വിഘടനവാദി ഗ്രൂപ്പായ എഫ്.എൽ.എ (FLA) എന്നിവർ ചേർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ആക്രമണം അഴിച്ചുവിട്ടു. വർഷങ്ങൾക്കിടെ മാലി നേരിടുന്ന ഏറ്റവും വലിയ ഏകോപിത ആക്രമണമാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വടക്കൻ മാലിയൻ നഗരമായ കിഡാലിൽ നിന്ന് റഷ്യൻ വാടക സൈനികർ പിൻവാങ്ങാൻ ധാരണയായതായി വിഘടനവാദി ഗ്രൂപ്പായ അസവാദ് ലിബറേഷൻ ഫ്രണ്ട് (FLA) അവകാശപ്പെട്ടു. രണ്ടുദിവസത്തെ കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യൻ സേന പിൻവാങ്ങാൻ സമ്മതിച്ചതായും കിഡാൽ ഇപ്പോൾ ‘സ്വതന്ത്ര’മാണെന്നും എഫ്.എൽ.എ വക്താവ് പറഞ്ഞു. എന്നാൽ മാലി സൈന്യം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വടക്കൻ മാലിയിൽ പ്രത്യേക ടുവാറെഗ് രാജ്യം വേണമെന്ന് ആവശ്യപ്പെടുന്ന വിഘടനവാദികളും ജിഹാദി ഗ്രൂപ്പുകളും കഴിഞ്ഞ കുറെ വർഷങ്ങളായി മാലിയിൽ സായുധ പോരാട്ടം നടത്തിവരികയാണ്. ബമാകോ, ഗാവോ, കിഡാൽ, സെവാരെ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ശനിയാഴ്ച മുതൽ കടുത്ത പോരാട്ടം തുടരുകയാണ്. പ്രതിരോധ മന്ത്രിയുടെ മരണം മാലിയിലെ സൈനിക ഭരണകൂടത്തിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

