മുംബൈ: ഗതാഗതക്കുരുക്കിനെത്തുടർന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനോട് പരസ്യമായി കയർത്ത യുവതി നിയമക്കുരുക്കിലേക്ക്. മുംബൈ വർളിയിൽ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഭവത്തിൽ, പത്താം ക്ലാസ് വിദ്യാർത്ഥിനിയും ആക്ടിവിസ്റ്റുമായ സെൻ സദാവർത്തെയാണ് യുവതിക്കെതിരെ പോലീസിൽ പരാതി നൽകിയത് ( Mumbai Woman Yells at BJP Minister). മനഃപൂർവം സംഘർഷമുണ്ടാക്കാനും തിരക്കിനിടയിൽ അപകടം സൃഷ്ടിക്കാനും യുവതി ശ്രമിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ മാർച്ച് മുംബൈയിലെ പ്രധാന റോഡുകളിൽ വലിയ കുരുക്കിന് കാരണമായിരുന്നു. ഈ സമയത്ത് കാറിലെത്തിയ യുവതി, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന മന്ത്രിയോട് “ഇവിടെ നിന്ന് പുറത്തുപോകൂ” (Get Out) എന്ന് ആക്രോശിക്കുകയായിരുന്നു. പോലീസിനോടും മന്ത്രിയോടും മോശമായി പെരുമാറുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഇവർ കുപ്പി എറിഞ്ഞെന്നും പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരത്തിൽ പെരുമാറിയതെന്നും പരാതിയിൽ പറയുന്നു.
നേരത്തെ ഈ സംഭവത്തോട് പ്രതികരിച്ച മന്ത്രി ഗിരീഷ് മഹാജൻ മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ പോകുന്ന തിരക്കിലായിരുന്ന യുവതിയുടേത് പെട്ടെന്നുണ്ടായ ദേഷ്യമാണെന്നും അവർക്കെതിരെ നടപടി വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഭാരതീയ ന്യായ സംഹിത പ്രകാരം യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പരാതിക്കാരി. നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നാണ് ഇവരുടെ പക്ഷം.
Summary: A woman who yelled “Get Out” at Maharashtra Minister Girish Mahajan during a BJP protest in Mumbai is facing a police complaint. Zen Sadavarte, a Class 10 student and activist, alleged that the woman intentionally tried to incite a stampede and create trouble. While the minister initially dismissed the incident as a natural outburst of a parent stuck in traffic, the complainant is demanding an FIR for allegedly disrupting peace and endangering protesters.

