നാഗ്‌പൂർ: നോട്ടുനിരോധന കാലത്ത് പോലീസ് പിടിച്ചെടുക്കുകയും പിന്നീട് തിരികെ ലഭിക്കുകയും ചെയ്ത പഴയ 500 രൂപ നോട്ടുകൾ മാറ്റി നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു (Bombay High Court RBI Demonetization Order). നാഗ്‌പൂർ സ്വദേശിയായ ഗിരീഷ് മലാനി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ഊർമിള ജോഷി-ഫാൽക്കെ, നിവേദിത മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി.
2016 ഡിസംബർ ഒന്നിന് നഗരസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടയിലാണ് ഗിരീഷ് മലാനിയിൽ നിന്ന് 2 ലക്ഷം രൂപ (400 പഴയ 500 രൂപ നോട്ടുകൾ) പോലീസ് പിടിച്ചെടുത്തത്. ഈ തുക മഹുർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആദായനികുതി വകുപ്പ് ഈ പണം നിയമാനുസൃതമാണെന്ന് കണ്ടെത്തിയെങ്കിലും, നടപടിക്രമങ്ങൾ പൂർത്തിയാക്കി പണം തിരികെ ലഭിച്ചപ്പോഴേക്കും നോട്ടുകൾ മാറാനുള്ള സമയപരിധി കഴിഞ്ഞിരുന്നു. 2026 ഡിസംബർ 31-നാണ് നോട്ടുകൾ മലാനിക്ക് തിരികെ ലഭിച്ചത്. 2017-ൽ നോട്ടുകൾ മാറാൻ മലാനി ആർബിഐയെ സമീപിച്ചെങ്കിലും, നോട്ടുകളുടെ സീരിയൽ നമ്പറുകൾ പോലീസ് രേഖപ്പെടുത്തിയില്ലെന്ന സാങ്കേതിക കാരണത്താൽ ആർബിഐ അപേക്ഷ നിരസിച്ചു.
തന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു കാര്യത്തിന് ഹർജിക്കാരനെ ശിക്ഷിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ നോട്ടുകൾ കൈമാറാൻ മലാനിക്ക് സാധിക്കാതെ വന്നത് പോലീസ് കസ്റ്റഡിയിൽ ആയിരുന്നത് കൊണ്ടാണ്. സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് അധികൃതരുടെ വീഴ്ചയുടെ ഭാരം വ്യക്തിയുടെ മേൽ അടിച്ചേൽപ്പിക്കരുത്. നോട്ടുകൾ കൈമാറാൻ അനുവദിക്കുന്ന വ്യവസ്ഥകൾ കർക്കശമായി നടപ്പിലാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഉത്തരവ് അനുസരിച്ച് ഒരാഴ്ചയ്ക്കകം നോട്ടുകൾ ആർബിഐയിൽ നിക്ഷേപിക്കാൻ മലാനിക്ക് അനുവാദം നൽകി. നോട്ടുകളുടെ ആധികാരികത പരിശോധിച്ച ശേഷം ഏഴ് ആഴ്ചയ്ക്കുള്ളിൽ പകരം നിയമപരമായ കറൻസി നൽകാനും കോടതി ആർബിഐയോട് നിർദ്ദേശിച്ചു.
Summary: The Bombay High Court has directed the Reserve Bank of India (RBI) to exchange demonetized Rs 500 notes worth Rs 2 lakh for a petitioner, Girish Malani. The money was seized by the police in December 2016 during municipal elections and returned to him after the official exchange deadline had passed. The Nagpur bench ruled that the citizen should not be penalized for an act beyond his control, as the notes were in police custody during the exchange window. The court ordered Malani to deposit the notes within a week and directed the RBI to provide legal tender after verification within seven weeks.

