തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ എത്തിക്കേണ്ടതില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു (Anganwadi Holiday). കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത് വരെ ഈ ഇളവ് തുടരാം. അങ്കണവാടികളിൽ വരാത്ത കുട്ടികൾക്ക് അവർക്ക് അർഹമായ പോഷകാഹാരങ്ങൾ കൃത്യമായി വീട്ടിലെത്തിച്ചു നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ ഷാജേഷ് ഭാസ്കർ, സിസിലി ജോസഫ് എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
ടിൻഷീറ്റ് മേൽക്കൂരയുള്ളതും വായുസഞ്ചാരം കുറഞ്ഞതുമായ അങ്കണവാടികൾ നിലവിലെ സാഹചര്യത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഉറപ്പുവരുത്തണം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് കുട്ടികളെ പുറത്ത് കളിക്കാൻ വിടരുത്. കായിക വിനോദങ്ങളും മറ്റും രാവിലെയും വൈകുന്നേരവുമായി നിജപ്പെടുത്തണം- കമ്മീഷൻ നിർദ്ദേശിച്ചു.
എല്ലാ അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. കുട്ടികൾ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്ന് അദ്ധ്യാപകരും സഹായികളും ഉറപ്പുവരുത്തണം. കുട്ടികൾക്ക് മതിയായ ഭക്ഷണവും സുരക്ഷിതമായ ശുചിത്വ സൗകര്യങ്ങളും ഉറപ്പാക്കണം കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
കൊടുംചൂടിൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് രക്ഷിതാക്കളിൽ നിന്നും മറ്റും ലഭിച്ച പരാതികൾ പരിഗണിച്ചാണ് കമ്മീഷന്റെ നടപടി. നിലവിലെ കാലാവസ്ഥാ സാഹചര്യത്തിൽ കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്മീഷൻ വിലയിരുത്തി.
Story Summary: The Kerala State Commission for Protection of Child Rights has ordered that attendance in Anganwadis is not mandatory until the weather improves. Nutritious food must be delivered to the homes of children who stay back, and authorities must ensure clean water and proper ventilation in all centers.

