തിരുവനന്തപുരം: അവയവദാനമെന്ന മഹത്തായ പുണ്യപ്രവൃത്തിയെ നെഞ്ചിലേറ്റിക്കൊണ്ട് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളുടെയും അവയവദാതാക്കളുടെയും ഒത്തുചേരൽ സംഘടിപ്പിച്ച് കിംസ്ഹെൽത്ത് (Kimshealth Trivandrum). നൂറിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ കണ്ണീരും പുഞ്ചിരിയും കലർന്ന അപൂർവ്വ നിമിഷങ്ങൾക്കാണ് ആതുരാലയം സാക്ഷ്യം വഹിച്ചത്.
പത്ത് മാസം പ്രായമുള്ളപ്പോൾ വിടപറഞ്ഞ അലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബം, അലിന്റെ കരൾ സ്വീകരിച്ച എട്ടുമാസം പ്രായമുള്ള ധ്രിയയെ ആദ്യമായി കണ്ടുമുട്ടിയത് ചടങ്ങിലെ ഹൃദയസ്പർശിയായ കാഴ്ച്ചയായി. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉന്നത സന്ദേശമാണ് അവയവദാനമെന്നും, സമൂഹത്തിൽ ഇതിനെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്നും കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു.
കേരളത്തിലെ അവയവദാന പ്രക്രിയയിൽ സർക്കാർ സംവിധാനങ്ങളും ഡോക്ടർമാരും പൊതുജനങ്ങളും മാധ്യമങ്ങളും പുലർത്തുന്ന ഏകോപനം വലിയ മാതൃകയാണെന്ന് കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി. 2013-ൽ ആദ്യ ശസ്ത്രക്രിയ നടത്തിയ കിംസ്ഹെൽത്ത് ഇതിനോടകം 250-ഓളം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. സങ്കീർണ്ണമായ സ്പ്ലിറ്റ് ലിവർ ട്രാൻസ്പ്ലാന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ കിംസ്ഹെൽത്ത് കൈവരിച്ച നേട്ടങ്ങളെ ചടങ്ങിൽ വിദഗ്ധർ അഭിനന്ദിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ ഉൾപ്പെടെ ആരോഗ്യരംഗത്തെ പ്രമുഖരും കിംസ്ഹെൽത്തിലെ വിവിധ വിഭാഗം ഡോക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.
Summary: Kimshealth Trivandrum organized a touching reunion for pediatric liver transplant recipients and donors, featuring over 100 participants. The event highlighted the emotional meeting between an infant donor’s family and the recipient child, celebrating Kimshealth’s milestone of 250 successful liver transplants.

