ടെഹ്‌റാൻ: ഈ വർഷം ജനുവരിയിൽ ഇറാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ പള്ളിക്ക് തീയിട്ടുവെന്നാരോപിച്ച് യുവാവിന്റെ വധശിക്ഷ ഇറാൻ നടപ്പാക്കി ( Iran Execution Amirali Mirjafari). ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള ശൃംഖലയുടെ തലവനായിരുന്നു ഇയാളെന്ന് ഇറാന്റെ ജുഡീഷ്യറി വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു.
അമീറലി മിർജാഫരി എന്ന യുവാവിനെയാണ് ചൊവ്വാഴ്ച പുലർച്ചെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ടെഹ്‌റാനിലെ ഖോൽഹാക്ക് പള്ളിക്ക് തീയിട്ടതിനും സുരക്ഷാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനുമാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്. ജനുവരിയിൽ ഇറാനിലുടനീളം നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു മിർജാഫരി എന്ന് ഇറാൻ അധികൃതർ പറയുന്നു. ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന ഗുരുതരമായ ആരോപണവും ഇയാൾക്കെതിരെ ഉന്നയിച്ചിട്ടുണ്ട്.
കീഴ്ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെച്ചതിനെത്തുടർന്നാണ് നടപടി. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അടിച്ചമർത്തലുകളാണ് ഈ വർഷത്തെ പ്രതിഷേധങ്ങളെത്തുടർന്ന് ഇറാനിൽ നടക്കുന്നത്. ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടയിലും ആഭ്യന്തര തലത്തിൽ പ്രതിഷേധക്കാർക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോവുകയാണ് ഇറാൻ സർക്കാർ.
Summary: Iran executed Amirali Mirjafari on Tuesday for allegedly leading a network linked to Israel’s intelligence service and setting fire to a mosque in Tehran during the anti-government protests in January 2026. According to the judiciary’s news outlet Mizan, his death sentence for arson and anti-security activities was upheld by the Supreme Court. This execution follows a massive crackdown on nationwide protests earlier this year, marking one of the most intense periods of state repression in the Islamic Republic’s history.

