ആലപ്പുഴ: ഏറനാട് എക്സ്പ്രസ്സിൽ വനിതാ ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു (Female TTE Assault Case). തിരുവല്ല കണ്ഠനാട്ടുചിറയിൽ വീട്ടിൽ മനീഷ് ആണ് കായംകുളത്ത് വെച്ച് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു ട്രെയിനിനുള്ളിൽ വെച്ച് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
ഏറനാട് എക്സ്പ്രസ്സിലെ ഡി-3 കോച്ചിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയാണ് സംഭവം. ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന മനീഷിനോട് ടിടിഇ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടത് തർക്കത്തിന് കാരണമായി. ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യുവാവ് വനിതാ ടിടിഇയെ പരസ്യമായി അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ മുതിരുകയുമായിരുന്നു.
ടിടിഇ ഉടനടി വിവരം റെയിൽവേ പോലീസിനെ അറിയിച്ചു. തുടർന്ന് ട്രെയിൻ കായംകുളത്ത് എത്തിയപ്പോൾ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമടക്കം വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Summary: A 27-year-old youth from Thiruvalla, Manish, was arrested for allegedly abusing and attempting to assault a female TTE on the Ernad Express. The incident occurred near Alappuzha after the TTE questioned him for traveling without a ticket. He was apprehended by Railway Police at Kayamkulam and has been remanded.

