ഇസ്ലാമാബാദ്: ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകളുടെ വേദിയാകാനിരുന്ന പാകിസ്താൻ കടുത്ത നയതന്ത്ര-സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. ഏപ്രിൽ 22-ന് താൽക്കാലിക വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയത് പാകിസ്താന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യത്തിന് വലിയ തിരിച്ചടിയായി. ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.(Pakistan in diplomatic crisis and economic collapse, Ceasefire talks hit a snag)
മുൻകാലങ്ങളിൽ ആഗോള സംഘർഷങ്ങൾ പാകിസ്താന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിച്ചിരുന്നെങ്കിൽ നിലവിലെ സാഹചര്യം വിപരീതമാണ്. 1980-കളിൽ വിദേശ സഹായമായി 20-27 ബില്യൺ ഡോളർ ലഭിച്ചിരുന്ന പാകിസ്താൻ, ഇന്ന് സഹായത്തിനായി ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടേണ്ട അവസ്ഥയിലാണ്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നു.
ഈ വർഷം മാത്രം 5.7 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ചോർച്ചയാണ് ഉണ്ടായത്. നിലവിൽ 16 ബില്യൺ ഡോളർ മാത്രമാണ് രാജ്യത്തിന്റെ കരുതൽ ശേഖരം. കടം നൽകിയ 3.5 ബില്യൺ ഡോളർ ഉടൻ തിരികെ നൽകാൻ യുഎഇ ആവശ്യപ്പെട്ടത് തിരിച്ചടിയായി. ഖത്തറും സൗദിയും വാഗ്ദാനം ചെയ്ത 5 ബില്യൺ ഡോളറിന്റെ സഹായം താൽക്കാലിക ആശ്വാസം മാത്രമാണ്. പാകിസ്താന്റെ ഇന്ധന ഇറക്കുമതിയുടെ 80-85 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. കടലിടുക്കിലെ തടസ്സങ്ങൾ പണപ്പെരുപ്പം വർദ്ധിപ്പിക്കാനും ഇറക്കുമതി ചെലവ് കുത്തനെ ഉയരാനും കാരണമാകുന്നു.

