വാഷിംഗ്ടൺ: ഇറാൻ സംഘർഷം, ലിയോ മാർപ്പാപ്പയുമായുള്ള വാക്പോര്, സ്വയം യേശുവായി ചിത്രീകരിച്ച എഐ ചിത്രം തുടങ്ങിയ വിവാദങ്ങൾക്കിടയിൽ പൊതു ബൈബിൾ പാരായണത്തിൽ പങ്കെടുക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Bible Reading). ഏപ്രിൽ 21-ന് വൈകുന്നേരം ആറുമണിക്ക് നടക്കുന്ന “അമേരിക്ക റീഡ്സ് ദി ബൈബിൾ” എന്ന പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം ബൈബിൾ വായിക്കുക. ഓവൽ ഓഫീസിൽ നിന്നുള്ള വീഡിയോ സന്ദേശത്തിലൂടെയാകും ട്രംപ് ഇതിൽ പങ്കുചേരുന്നത്.
ബൈബിളിലെ രണ്ടാം ദിനവൃത്താന്തം ഏഴാം അധ്യായം 11 മുതൽ 22 വരെയുള്ള ഭാഗങ്ങളാണ് ട്രംപ് പാരായണം ചെയ്യുക. ഇതിലെ പതിനാലാം വാക്യം (“എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു…”) ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾക്കിടയിൽ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ഇറാനുമായുള്ള യുദ്ധത്തെ എതിർത്ത ലിയോ മാർപ്പാപ്പയെ ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു. കൂടാതെ, തന്നെ യേശുവായി ചിത്രീകരിക്കുന്ന എഐ ചിത്രം പങ്കുവെച്ചതിനെതിരെ വിശ്വാസികൾക്കിടയിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. താൻ ജനങ്ങളെ സുഖപ്പെടുത്തുന്ന ‘ഡോക്ടർ’ ആണെന്നായിരുന്നു ഇതിന് ട്രംപ് നൽകിയ വിശദീകരണം. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവരും ഈ പരിപാടിയിൽ ട്രംപിനൊപ്പം പങ്കെടുക്കും.
വൈറ്റ് ഹൗസ് ഭരണകൂടത്തിന്റെ ഔദ്യോഗിക കാര്യങ്ങളിൽ ക്രിസ്തീയ മൂല്യങ്ങൾ സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തെ അനുയായികൾ കാണുന്നത്. എന്നാൽ പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് വിമർശകർ ആരോപിക്കുന്നു.
Summary: US President Donald Trump is set to participate in the “America Reads the Bible” event on April 21, 2026, amid ongoing controversies involving Pope Leo and a controversial AI image. Trump will read from 2 Chronicles 7:11-22 from the Oval Office via video message. This move is seen as an attempt to reconnect with his evangelical base following criticism over his stance against the Pope’s anti-war views and his depiction in an AI-generated image as a savior-like figure. Top officials including Marco Rubio and Pete Hegseth will also join the reading.

