മലക്കപ്പാറ: തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ഷോളയാർ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു (Leopard Attack Sholayar Dam). ഷോളയാർ ഡാം പരിസരത്ത് താമസിക്കുന്ന ഇന്നസമ്മ (75) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കാണാതായ വയോധികയ്ക്കായി വനംവകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ മകനോടൊപ്പം താമസിച്ചിരുന്ന ഇന്നസമ്മയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ വീടിന് സമീപത്തെ കാട്ടുപ്രദേശത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പുലി മൃതദേഹം ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നു. തമിഴ്‌നാട് വനംവകുപ്പും പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വന്യമൃഗ സാന്നിധ്യം പതിവായുള്ള ഈ മേഖലയിൽ പുലി ഇറങ്ങിയത് ജനങ്ങളെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തോട്ടം തൊഴിലാളികൾ ഏറെയുള്ള ഈ പ്രദേശത്ത് സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്തും പുലി ഇറങ്ങി ആടിനെ കൊന്നു. അംഗൻവാടിക്ക് സമീപം താമസിക്കുന്ന പ്രവീണിന്റെ ആടിനെയാണ് പുലി പിടികൂടിയത്. ഈ മേഖലകളിലെല്ലാം പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Summary: A 75-year-old woman named Innasamma was killed in a leopard attack near the Sholayar Dam area in Tamil Nadu. She had been missing since yesterday, and her partially eaten body was discovered by forest officials and locals this morning. In a separate incident, a leopard killed a goat near an Anganwadi in Tathengalam, Mannarkkad. Residents in both areas are living in fear and have demanded that the forest department set up traps to capture the predator.

