മുംബൈ: പൂനെയിലെ ചിന്താമണി ആശുപത്രിയിൽ (Chintamani Hospital) ചികിൽസയിലിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന പരാതിയിൽ പോലീസ് കേസെടുത്തു (Pune Hospital Medical Negligence Case). കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് നടപടി. ശ്വാസതടസ്സത്തെത്തുടർന്നാണ് കുഞ്ഞിനെ ബിബ്വേവാഡിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിൽസയ്ക്കിടെ കുഞ്ഞിന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കുഞ്ഞിന് നൽകിയ കുത്തിവെയ്പ്പിലും തുടർന്നുള്ള പരിചരണത്തിലും ഡോക്ടർമാർക്ക് അശ്രദ്ധ സംഭവിച്ചുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. വിദഗ്ധ ചികിൽസ നൽകുന്നതിൽ ആശുപത്രി അധികൃതർ കാലതാമസം വരുത്തിയതായും പരാതിയുണ്ട്.കുഞ്ഞിന്റെ പിതാവിന്റെ പരാതിയിൽ ആറ് ഡോക്ടർമാർക്കും ആശുപത്രി സ്റ്റാഫുകൾക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 106 (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം ബിബ്വേവാഡി പോലീസ് കേസെടുത്തു.
മെഡിക്കൽ കൗൺസിലിന്റെയും വിദഗ്ധ സമിതിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ചികിൽസാ പിഴവ് ഔദ്യോഗികമായി സ്ഥിരീകരിക്കൂ. ആശുപത്രിയിലെ ചികിൽസാ രേഖകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കുഞ്ഞിന്റെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.

