തിരുവനന്തപുരം: മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അപകടത്തിൽപ്പെട്ട വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു (Minister V Sivankutty Valparai Accident). മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന് പിന്നാലെ മന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. കേരളത്തിൽ നിന്നുള്ള സംഘത്തിന് ആവശ്യമായ എല്ലാ ഭരണകൂട സഹായങ്ങളും നൽകുമെന്ന് തമിഴ്‌നാട് ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു.
കോയമ്പത്തൂർ കലക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനവും ചികിൽസയും പോസ്റ്റ്‌മോർട്ടം നടപടികളും നടക്കുന്നത്. മലപ്പുറം കലക്ടറുമായും സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നുണ്ട്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം , പാങ്ങ് ജി.എൽ.പി സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും ജീവനക്കാരും ഈ സംഘത്തിലുണ്ടായിരുന്നു എന്നത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. സ്കൂൾ അവധിക്കാലമായതിനാൽ അധ്യാപകരും കുടുംബവും ചേർന്നാണ് യാത്ര പോയത്. മരിച്ചവരിൽ അധ്യാപകർക്ക് പുറമെ സ്കൂളിലെ മറ്റ് ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ട്.
പരിക്കേറ്റ് ചികിൽസയിലുള്ള മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരുടെയും ആരോഗ്യനില തമിഴ്‌നാട് ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
Also Read: അവധിക്കാല യാത്ര ദുരന്തയാത്രയായി; വാൽപ്പാറ അപകടത്തിൽ വിറങ്ങലിച്ച് പാങ്ങ് ഗ്രാമം
സ്കൂൾ അവധിക്കാലത്ത് ഒത്തുചേരാനും സന്തോഷം പങ്കുവെക്കാനുമായി യാത്ര പുറപ്പെട്ട അധ്യാപക സംഘത്തെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു (Valparai Accident). വെള്ളിയാഴ്ച പുലർച്ചെ മലപ്പുറം കോളത്തൂരിൽ നിന്ന് യാത്ര തിരിച്ച സംഘം അതിരപ്പിള്ളി സന്ദർശിച്ച ശേഷമാണ് വാൽപ്പാറയിലേക്ക് പോയത്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് വരുന്ന വഴിക്കാണ് അപകടമുണ്ടായത്. വൈകുന്നേരം അഞ്ചേകാലോടെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ വാൻ സംരക്ഷണ ഭിത്തി തകർത്ത് താഴെയുള്ള ഒമ്പതാം വളവിലേക്ക് നേരിട്ട് പതിക്കുകയായിരുന്നു.
ഏകദേശം നാല് വളവുകൾ താഴേക്ക് വാഹനം നിലംപതിച്ചതോടെ ട്രാവലർ വാൻ പൂർണ്ണമായും തകർന്നു. ഒരു പുരുഷനും ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിൽ വെച്ചാണ് ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചത്.
ചെങ്ങോട്ടൂർ സ്വദേശി മുഹമ്മദ് ഫാഹിസ് ഓടിച്ചിരുന്ന ട്രാവലറിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകർക്ക് പുറമെ സ്കൂളിലെ ആയ, ബസ് ഡ്രൈവർ, ഇവരുടെ സുഹൃത്തുക്കളായ മറ്റ് അധ്യാപകർ, കുട്ടികൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു. യാത്രയ്ക്കിടെ അതിരപ്പിള്ളിയിൽ വെച്ച് ഇവർ പകർത്തിയ ഗ്രൂപ്പ് ഫോട്ടോ ഇപ്പോൾ നൊമ്പരമായി മാറുകയാണ്.
പത്തോളം അധ്യാപകർ മാത്രം ജോലി ചെയ്യുന്ന പാങ്ങ് ജി.എൽ.പി സ്കൂളിലെ പ്രിയപ്പെട്ടവരുടെ അപകടവാർത്ത ഗ്രാമത്തെ ഒന്നടങ്കം തളർത്തിയിരിക്കുകയാണ്. പരിക്കേറ്റ ഡ്രൈവറും രണ്ട് കുട്ടികളും ഉൾപ്പെടെയുള്ളവർ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തമിഴ്‌നാട് പോലീസ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: Kerala Education Minister V. Sivankutty expressed deep grief over the Valparai accident involving teachers from Pang GLPS, Malappuram. He coordinated with the Tamil Nadu CMO and Coimbatore Collector to ensure all necessary support and medical care for the victims.

