നെയ്‌റോബി: കെനിയയിൽ നിന്ന് രണ്ടായിരത്തിലധികം ജീവനുള്ള ഉറുമ്പുകളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ചൈനീസ് പൗരന് കോടതി തടവുശിക്ഷ വിധിച്ചു (Ant Smuggling Nairobi Airport). ഷാങ് കെക്വൻ എന്നയാൾക്കാണ് നെയ്‌റോബി കോടതി 12 മാസം തടവും 10 ലക്ഷം കെനിയൻ ഷില്ലിംഗും (ഏകദേശം 6.5 ലക്ഷം രൂപ) പിഴ വിധിച്ചത്.
കഴിഞ്ഞ മാർച്ചിൽ നെയ്‌റോബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ലഗേജിനുള്ളിൽ ടിഷ്യു പേപ്പറുകളിൽ പൊതിഞ്ഞ പ്രത്യേക ട്യൂബുകളിലായി 2,200 ജീവനുള്ള ‘ഗാർഡൻ ഉറുമ്പുകളെ’ ഒളിപ്പിച്ച നിലയിലായിരുന്നു. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉറുമ്പുകളെ വളർത്തുന്ന വിനോദത്തിന് വലിയ പ്രചാരമുണ്ട്. ഇത്തരം ഉറുമ്പ് കോളനികൾ നിർമ്മിക്കുന്നതിനായി വലിയ തുകയാണ് ആളുകൾ നൽകുന്നത്. കെനിയൻ സ്വദേശിയായ ചാൾസ് മ്വാംഗിയിൽ നിന്നാണ് ഷാങ് ഈ ഉറുമ്പുകളെ വാങ്ങിയത്. കെനിയയിൽ ഉറുമ്പ് കടത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കടുത്ത ശിക്ഷകൾ അനിവാര്യമാണെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. വന്യജീവി സംരക്ഷണ നിയമപ്രകാരം ആവശ്യമായ പെർമിറ്റുകളില്ലാതെയാണ് ഇവർ ഉറുമ്പുകളെ കൈകാര്യം ചെയ്തത്.
ആനക്കൊമ്പ് പോലുള്ള വലിയ വസ്തുക്കൾക്ക് പകരം ഇപ്പോൾ ഉറുമ്പുകൾ ഉൾപ്പെടെയുള്ള ചെറിയ ജീവികളെ ലക്ഷ്യം വെച്ച് വൻതോതിൽ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് കെനിയൻ വന്യജീവി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയമവിരുദ്ധമായ കയറ്റുമതി രാജ്യത്തിന്റെ ജൈവവൈവിധ്യത്തെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും ദോഷകരമായി ബാധിക്കും. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഉറുമ്പുകളെ കടത്താൻ ശ്രമിച്ച വിദേശികൾ പിടിയിലായിരുന്നു.
Summary: A Chinese national, Zhang Kequn, has been sentenced to 12 months in prison and fined 1 million Kenyan shillings for attempting to smuggle 2,200 live queen garden ants out of Kenya. Arrested at Nairobi airport in March, Zhang had stashed the ants in specialized tubes within his luggage. The court emphasized the need for a deterrent sentence due to rising “ant-trafficking” cases for markets in Asia and Europe. Prosecutors noted that the trade violates wildlife conservation laws and undermines Kenya’s biodiversity.

