Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeKerala"അതൊരു മൃഗമാണ്, ഒരാളെ കൊന്നിട്ടുണ്ടെന്ന് ക്ലാസിൽ പറഞ്ഞിട്ടുണ്ട്"; നിതിന്റെ വീട്ടിലെത്തി സഹപാഠികളുടെ...

“അതൊരു മൃഗമാണ്, ഒരാളെ കൊന്നിട്ടുണ്ടെന്ന് ക്ലാസിൽ പറഞ്ഞിട്ടുണ്ട്”; നിതിന്റെ വീട്ടിലെത്തി സഹപാഠികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Nithin Raj Suicide Case Anjarakandy

🎙️ Latest Podcast

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിലായ ഡോ. എം.കെ റാമിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹപാഠികൾ (Nithin Raj Suicide Case Anjarakandy). തിരുവനന്തപുരത്തെ നിതിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികളാണ് അധ്യാപകൻ നടത്തിയിരുന്ന ജാതി അധിക്ഷേപങ്ങളെയും ശാരീരിക-മാനസിക പീഡനങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞത്.

സഹപാഠികൾ വെളിപ്പെടുത്തിയ പ്രധാന വിവരങ്ങൾ
നിതിനെ അധ്യാപകൻ മനഃപൂർവം വേട്ടയാടിയിരുന്നു. പഠനത്തിന് പകരം ക്ലാസ് സമയങ്ങളിൽ മതപരമായ കാര്യങ്ങളും ബോഡി ഷെയിമിങ്ങുമാണ് (Body Shaming) ഡോ. റാം നടത്തിയിരുന്നത്. വിദ്യാർത്ഥികളെ ‘ഫാറ്റി ഗേൾ’ എന്നും നിറത്തിന്റെ പേരിൽ ‘കറുത്തവൻ’ എന്നും വിളിച്ച് അധിക്ഷേപിക്കുന്നത് പതിവായിരുന്നു.

നിതിന്റെ അമ്മയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞതിനാൽ മീറ്റിംഗിന് വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ, “അമ്മയുടെ കാലിന് കുഴപ്പമില്ലല്ലോ, പിന്നെന്താ വന്നാൽ” എന്ന് ചോദിച്ച് പരിഹസിച്ചു. ക്ലാസിലെ വിദ്യാർത്ഥികളെക്കൊണ്ട് പരസ്പരം അടിപ്പിക്കുമായിരുന്നു. അടിക്കാൻ മടിച്ചാൽ വിദ്യാർത്ഥികളെ ‘ട്രാൻസ്ജെൻഡർ’, ‘ഗേ’ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് അധിക്ഷേപിച്ചിരുന്നതായും സഹപാഠികൾ പറഞ്ഞു.

പരാതി നൽകിയാൽ അറ്റൻഡൻസ് വെട്ടിക്കുറയ്ക്കുമെന്നും പരീക്ഷ എഴുതിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു. “ഞാൻ ഒരാളെ കൊന്നിട്ടുണ്ട്” എന്ന് ക്ലാസിൽ വെച്ച് ഡോ. റാം വീരവാദം മുഴക്കാറുണ്ടായിരുന്നുവെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി.

“റാമിനെ സാർ എന്ന് വിളിക്കാൻ പോലും തോന്നുന്നില്ല, അതൊരു മൃഗമാണ്” എന്നാണ് ഒരു വിദ്യാർത്ഥിനി പ്രതികരിച്ചത്. പഠനം പാതിവഴിയിൽ മുടങ്ങുമെന്ന് ഭയന്നാണ് ഇതുവരെ ആരും പ്രതികരിക്കാതിരുന്നത്. എന്നാൽ നിതിന്റെ മരണത്തോടെ ഇനിയൊരു വിദ്യാർത്ഥിക്കും ഈ ഗതി വരരുതെന്ന ഉറച്ച തീരുമാനത്തിലാണ് തങ്ങൾ കാര്യങ്ങൾ തുറന്നുപറയുന്നതെന്ന് അവർ വ്യക്തമാക്കി.

സംഭവത്തിൽ ഡോ. എം.കെ റാമിനെതിരെ കർശന നടപടി വേണമെന്നും നിതിന്റെ മരണത്തിന് നീതി വേണമെന്നുമാണ് കുടുംബത്തിന്റെയും സഹപാഠികളുടെയും ആവശ്യം.

നിതിൻ രാജിൻ്റെ മരണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപകന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി ബോധ്യപ്പെട്ടെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ അറിയിച്ചു.(Nitin Raj’s death, Youth Commission files case)

ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ നിരന്തരം പരിഹസിക്കുന്നതും ബോഡി ഷെയ്മിംഗിന് ഇരയാക്കുന്നതും അധ്യാപകന്റെ പതിവായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അധ്യാപകൻ നടപ്പിലാക്കിയിരുന്ന ശിക്ഷാരീതികൾ അത്യന്തം വിചിത്രവും വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്നതുമായിരുന്നു.

വരും ദിവസങ്ങളിൽ ക്യാമ്പസിലെ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ അധ്യാപകർക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Story Summary:
The classmates of Nithin Raj, a first-year BDS student at Anjarakandy Dental College who died by suicide, visited his home in Thiruvananthapuram with shocking allegations against teacher Dr. M.K. Ram. They revealed that the teacher targeted Nithin with casteist slurs and body-shamed students. The students alleged that the teacher used to compel students to hit each other and used derogatory terms if they refused. Dr. Ram reportedly threatened students with attendance cuts and claimed in class to have “killed someone before.” The students, who were previously afraid to complain, are now demanding justice for Nithin.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.