അവൻ ആ റോബോയെ അതിശയത്തോടെ നോക്കി. അമ്മയെ വൈകുന്നേരങ്ങളിൽ ഒരു വിരുന്നുകാരിയെപോലെ മാത്രം കാണുന്ന കുട്ടിക്ക് അവൾ ആയിരുന്നു അമ്മയും മുത്തശ്ശിയും കളികൂട്ടുകാരിയും അച്ഛനും എല്ലാം. അവൻ അവളെ ‘റോബോമ്മ’ എന്ന് വിളിച്ചു. പ്രോഗ്രാം അനുസരിച്ചു സെറ്റ് ചെയ്തു വെച്ചിരിക്കിക്കുന്ന റോബോമ്മ അവന്റെ ആഗ്രഹത്തിനൊത്തു വർക്ക് ചെയ്തു പോന്നു. കരയുമ്പോൾ വീഡിയോ പ്ലേ ചെയ്തും പാട്ടു കേൾപ്പിച്ചും, വിശക്കുമ്പോൾ ആഹാരം കൊടുത്തും ഉറങ്ങാൻ ഓട്ടോമാറ്റിക്ക് തോട്ടിൽ ആട്ടിയും അവൾ അവനു മറ്റൊരമ്മ ആയി. പെറ്റമ്മയെ ഒരിക്കൽ പോലും ആവശ്യമില്ലാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയി. റിസേർച്ചിൽ ജീവിതം ഉഴിഞ്ഞു വെച്ച അച്ഛനും അമ്മയും ആധുനിക സാങ്കേതിക വിദ്യയിലൂടെ മകനു എന്തൊക്കെ നൽകാം എന്ന് പഠിക്കുന്നു. ഒരു യന്ത്രത്തിനു മറ്റൊരു യന്ത്രം കൂട്ട് എന്ന പോലെ ആ കൊച്ചു കുഞ്ഞു വളരുന്നു. അവനു കഥകൾ ഇഷ്ടമായിരുന്നു. ഇടക്ക് അവൻ റോബമ്മയോട് പറയും ഒരു കഥ പ്ലേ ചെയ്യൂ. ത്രില്ലറുകളും സീരിസുകളും ഇടതടവില്ലാതെ അവൻ കേട്ട് ഇരിക്കും.
ഒരു ദിവസം അവന്റ അമ്മ പതിവിലും നേരത്തെ വീട്ടിലെത്തി. തീരെ സുഖമില്ലാത്ത അവർ ഗുളികയും കഴിച്ചു കിടന്നു. തിരക്കുകളും മറ്റുമായി ഭർത്താവ് വീട്ടിൽ എത്താൻ വൈകിയിരുന്നു. വല്ലാത്ത ചുമയും ദേഹം വേദനയുമായി എഴുന്നേൽക്കാൻ കഴിയാത്ത വിധം അവശയായി. കിടന്നിടത്തു തന്നെ വെള്ളം എടുക്കാൻ ബുദ്ധിമുട്ടിയ അവരെ തികച്ചും നിർവികാരതയോടെ മകൻ നോക്കി നിന്നു. വേദനയോടെ അവർ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. വെള്ളം, വെള്ളം എന്ന് വിളിച്ച അവരെ അവൻ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല. അവൻ റോബോമ്മയുടെ അടുക്കൽ പോയി ഇരുന്നു. അതിന് ഫുൾ ചാർജ് ആയതു കണ്ടു അവൻ അതിനോട് ചോദിച്ചു.
“റോബോമ്മ എന്താണ് സ്നേഹം? എന്താണ് കരുതൽ?”
മമ്മി എന്തൊക്കെയോ പറയുന്നുണ്ട്. അവൾ കുട്ടിയുടെ ചോദ്യത്തിന് എന്താണ് സ്നേഹം എന്ന് പറഞ്ഞു. അവനു മനസിലായില്ല.
“ക്യാൻ യു എക്സ്പ്ലെയിൻ?” അവൻ ചോദിച്ചു.
“ഒരു കഥ പറയാമോ?”
റെക്കോർഡ് ചെയ്തു വെച്ചിരിക്കുന്ന ഒരു കഥ അതു പ്ലേ ചെയ്തു. ഒരിക്കൽ ഒരിടത്തു കുറേ ആളുകൾ ജീവിച്ചിരുന്നു. അവിടെ ഒരമ്മക്ക് ഒരു ഉണ്ണി പിറന്നു. ഉണ്ണിയെ ഒരു ഭൂതം കൊണ്ട് പോയി. കണ്ണ് ദാനം തരാം കുഞ്ഞിനെ തിരികെ തരൂ എന്ന് അമ്മ. പൂതപ്പാട്ടിന്റെ കഥ റോബോമ്മ പറഞ്ഞു കൊടുത്തു. അവന് അതിശയം തോന്നി. അമ്മ ഇങ്ങനെ ഒക്കെ ചെയ്യുമോ? അവന് അത് പുതിയ അറിവായിരുന്നു. റോബോമ്മ പ്ലേ മോർ സ്റ്റോറി എബൌട്ട് ദിസ്. ഒരിക്കൽ ഒരിടത്ത് കുറേ നല്ല മനുഷ്യർ ജീവിച്ചിരുന്നു. അവിടെ അമ്മമാർ കുട്ടികളുടെ ഒപ്പം ആയിരുന്നു. അവർ അവരെ പോന്നു പോലെ നോക്കുമായിരുന്നു. കാക്കയേയും പൂച്ചയെയും കാട്ടി ചോറ് കൊടുത്തിരുന്നു. അവർ അവരെ മാറോടു അണച്ചിരുന്നു. ഓരോ വളർച്ചയും കൺ നിറയെ നോക്കി നിന്നിരുന്നു. അവർ എപ്പോഴും ഒരുമിച്ചു യാത്ര പോയിരുന്നു. സ്നേഹവും സന്തോഷവും കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഉള്ള ഒരുപാട് കുടുംബങ്ങൾ ഉണ്ടായിരുന്നു. അവർ കരുതലോടെ ജീവിച്ചിരുന്നു. റോബോമ്മ വീണ്ടും പറഞ്ഞു കൊണ്ട് ഇരുന്നു ഒരിക്കൽ ഒരിടത്ത്……
വൈകി എത്തിയ ഭർത്താവ് വീണുകിടക്കുന്ന ഭാര്യയെ കോരി എടുത്ത് പുറത്തേക്ക് ഓടി. എന്താണ് നടക്കുന്നത് എന്ന് അറിയാത്ത മകൻ എല്ലാം കണ്ട് നോക്കി ഇരുന്നു. രണ്ടു ദിവസം കഴിഞ്ഞു മടങ്ങി എത്തിയ അമ്മ അവനെ വാരി പുണർന്നു. അതുവരെ ഇല്ലാത്ത എന്തോ ഒന്ന് അവനെ പുതയ്ക്കും പോലെ അവന് തോന്നി. റോബോമ്മയെ അവനു നൽകി പോകുമ്പോൾ സ്നേഹവും കരുതലും പഠിപ്പിക്കാൻ അതിന് ആവില്ല എന്ന് തിരിച്ചറിവ് അവർക്ക് അന്നാണുണ്ടായത്. വയ്യാണ്ട് വീണ അവരെ ഒന്ന് നോക്കണം എന്ന് പോലും തോന്നാത്ത രീതിയിൽ കുഞ്ഞു മാറിയത് അവരെ ചിന്തിപ്പിച്ചു. ഒരു അമ്മയുടെ സ്നേഹവും കരുതലും അവനു കൊടുക്കാൻ ഇനിയും വൈകിയിട്ടില്ല എന്ന് അവർ തിരിച്ചറിഞ്ഞു. അവനെ ചേർത്ത് പിടിച്ചു അമ്മ ഇരിക്കുമ്പോൾ മടിയിൽ ഇരുന്ന് അവൻ റോബോമ്മ പറഞ്ഞ കഥ ഉരുവിട്ടുകൊണ്ട് ഇരുന്നു ഒരിക്കൽ ഒരിടത്ത്…
—————————————–
അഞ്ജലി എസ് . രാജ്



