കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഐഎം നേതാവുമായ ടി.കെ. ഗോവിന്ദനും ഭാര്യ കെ.പി. രമണിക്കും നേരെ സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധം (Taliparamba Election Controversy 2026). മലപ്പട്ടം രാമർഗുരു മെമ്മോറിയൽ യുപി സ്കൂളിലെ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് ഇരുവർക്കും നേരെ പ്രവർത്തകർ കൂകിവിളിച്ചത്. ബൂത്തിൽ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനിടയിലാണ് ടി.കെ. ഗോവിന്ദനും ഭാര്യ രമണിയും ബൂത്തിലെത്തിയത്.
വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ കെ.പി. രമണി വീണ്ടും പോളിംഗ് സ്റ്റേഷനകത്ത് കടന്നത് നിയമവിരുദ്ധമാണെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. സ്ഥാനാർത്ഥിയുടെ ഭാര്യയെ ഉടൻ തന്നെ ബൂത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ ബഹളം വെക്കുകയും കൂകിവിളിക്കുകയുമായിരുന്നു.
വോട്ടെടുപ്പ് കേന്ദ്രത്തിന് പുറത്ത് സിപിഐഎം പ്രവർത്തകർ തമ്പടിച്ചത് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെതിരെ മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. വോട്ടെടുപ്പ് ദിവസം ഇത്തരം പ്രതിഷേധങ്ങൾ മണ്ഡലത്തിലെ രാഷ്ട്രീയ ചൂട് വർദ്ധിപ്പിച്ചിരിക്കുകയാണ്.
Story Summary:
Tense scenes unfolded at Ramarguru Memorial UP School, Malappattam, as CPIM workers heckled UDF independent candidate T.K. Govindan and his wife K.P. Ramani. The incident followed a dispute over open voting at the booth. CPIM workers alleged that Ramani illegally re-entered the polling station after casting her vote and demanded her immediate removal. Govindan, a former CPIM leader now contesting as a UDF independent in Taliparamba, faced loud booing from party workers during the standoff.

