കൊച്ചി: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്ന് നടൻ രമേശ് പിഷാരടി. പാലക്കാട്ടെ പണം വിതരണ വിവാദത്തിലും തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിലും അദ്ദേഹം ശക്തമായി പ്രതികരിച്ചു.(Giving money for votes is an unprecedented sight in Kerala, says Ramesh Pisharody)
വോട്ടിന് പണം നൽകുന്നത് കേരളത്തിൽ ഇതുവരെ കാണാത്ത കാഴ്ചയാണെന്നും പിഷാരടി പറഞ്ഞു. പണവും സാരിയും നൽകുന്നുണ്ടെന്ന് നേരത്തെ കേട്ടിരുന്നുവെങ്കിലും അതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ മാത്രമാണ് പുറത്തുവരുന്നത്. ‘നിഴൽ’ എന്നൊക്കെ പറയുന്നതിനോട് പ്രതികരിക്കാനില്ലെന്നും കാര്യങ്ങൾ ജനങ്ങൾക്ക് കണ്ടാൽ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ദുർബലനാണെന്നും അരാഷ്ട്രീയവാദിയാണെന്നും പറയുന്നവർക്ക് അദ്ദേഹം മറുപടി നൽകി. “ഞാൻ അത്രയും ദുർബലനാണെങ്കിൽ എന്തിനാണ് എന്നെ ഇത്രയധികം അധിക്ഷേപിക്കുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു.
പിഷാരടിക്കെതിരെ ചില കഥകളുണ്ടെന്നും അത് പത്താം തീയതിക്ക് ശേഷം പുറത്തുവിടുമെന്നുമുള്ള എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പിന് മുൻപല്ലേ പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

