തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസുകൾ തീർപ്പാക്കാൻ സുവർണ്ണാവസരം (Kerala Traffic Fine Discount 2026). കുടിശ്ശിക ചെല്ലാനുകളിലെ തുകയിൽ 50 ശതമാനം ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി.
2024 ഡിസംബർ 30-ന് (30.12.2024) മുൻപ് ചുമത്തിയിട്ടുള്ള ചെല്ലാനുകൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഇളവ് ലഭിക്കണമെങ്കിൽ 2026 ഏപ്രിൽ 30-നുള്ളിൽ പിഴത്തുക അടച്ചു തീർക്കേണ്ടതുണ്ട്. ഇളവ് ആനുകൂല്യം നേടുന്നതിനായി വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://services.mvd.kerala.gov.in വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
കോടതികളിലും മോട്ടോർ വാഹന വകുപ്പിലും കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ട്രാഫിക് കേസുകൾ വേഗത്തിൽ തീർപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എഐ ക്യാമറകൾ വഴിയും സെക്ഷൻ എൻഫോഴ്സ്മെന്റ് വഴിയും പിഴ ലഭിച്ചവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഏപ്രിൽ 30-ന് ശേഷം പിഴ ഒടുക്കുന്നവർ മുഴുവൻ തുകയും നൽകേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ വാഹന ഉടമകൾക്ക് തങ്ങളുടെ കുടിശ്ശിക പരിശോധിക്കാനും ഇളവോടെ പിഴ അടയ്ക്കാനും സാധിക്കും.
Story Summary:
The Kerala Motor Vehicles Department has announced a 50% discount on pending traffic fines for violations recorded before December 30, 2024. Vehicle owners can avail of this benefit by paying the discounted fine before April 30, 2026. To access the offer, owners must register through the official MVD portal. This initiative aims to clear the massive backlog of pending traffic cases across the state.

