ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് താല്ക്കാലിക അറുതിയായതിന് പിന്നാലെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കം മുറുകുന്നു. വെടിനിർത്തൽ ധാരണപ്രകാരം ഹോർമുസ് വഴി കടന്നുപോകുന്ന ഓരോ കപ്പലും രണ്ട് മില്യൺ യുഎസ് ഡോളർ (ഏകദേശം 16.5 കോടി രൂപ) വീതം ഫീസ് നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Will a ‘toll booth’ come to Hormuz after ending the Iran war? America also seeks control)
ടോൾ ഏർപ്പെടുത്തുന്നതിനുള്ള കരട് ബിൽ ഇറാൻ പാർലമെന്റ് അംഗീകരിച്ചു കഴിഞ്ഞു. യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണത്തിൽ തകർന്ന രാജ്യത്തിന്റെ പുനർനിർമ്മാണത്തിനായി ഈ തുക ഉപയോഗിക്കാനാണ് ഇറാന്റെ തീരുമാനം. ഇറാനിയൻ സായുധ സേനയുടെ ഏകോപനത്തോടെയുള്ള ‘നിയന്ത്രിത ഗതാഗത’ സംവിധാനമായിരിക്കും ഇനി ഹോർമുസിൽ നിലവിൽ വരിക. ഒമാനുമായി ചേർന്ന് ചുങ്കം ഈടാക്കാനുള്ള അവകാശമാണ് ഇറാൻ പ്രധാനമായും ഉന്നയിക്കുന്നത്.
അമേരിക്കയുടെയും ഇറാന്റെയും സംയുക്ത നിയന്ത്രണത്തിൽ ഹോർമുസ് വരണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. ‘മിഡിൽ ഈസ്റ്റിന്റെ സുവർണ്ണകാലം വരികയാണെന്നും വലിയ തോതിൽ പണം സമ്പാദിക്കാൻ ഇതിലൂടെ സാധിക്കുമെന്നും’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാന് പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാമെന്നും എന്നാൽ കാര്യങ്ങൾ സുഗമമാണെന്ന് ഉറപ്പാക്കാൻ അമേരിക്കൻ സാന്നിധ്യം അവിടെ ഉണ്ടാകുമെന്നും ട്രംപ് സൂചന നൽകി.
ഹോർമുസിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങൾക്കായിരിക്കണമെന്നാണ് ഇറാൻ മുന്നോട്ടുവെച്ച പത്ത് നിബന്ധനകളിൽ പ്രധാനപ്പെട്ട ഒന്ന്. എന്നാൽ അമേരിക്കയുടെ നിയന്ത്രണം ഇറാൻ അംഗീകരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സുരക്ഷിത യാത്ര ഉറപ്പാക്കാൻ ഇതിനോടകം തന്നെ ചില കപ്പലുകളിൽ നിന്ന് ഇറാൻ ചുങ്കം ഈടാക്കി തുടങ്ങിയതായി റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അവസാനിക്കുമ്പോൾ ഹോർമുസ് കടലിടുക്ക് ഒരു വൻ സാമ്പത്തിക സ്രോതസ്സായി മാറുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

