വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ ഭരണകൂടം (White House Iran Nuclear Clarification). ഇറാനിലെ സൈനിക നടപടികളെക്കുറിച്ച് സംസാരിക്കവെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നടത്തിയ പരാമർശങ്ങൾ ആണവാക്രമണത്തെ സൂചിപ്പിക്കുന്നതല്ലെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുമെന്നാണ് വാൻസ് ഉദ്ദേശിച്ചതെന്നും അത് ആണവായുധമല്ലെന്നും വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
“ഇറാൻ നാഗരികത ഇന്ന് രാത്രിയോടെ അവസാനിക്കും” എന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിന് നേരെ വൻതോതിലുള്ള ആക്രമണം ഉണ്ടായി.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന ഖാർഗ് ദ്വീപിലെ എണ്ണ സംഭരണ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. നേരത്തെ ഖാർഗിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യമിട്ടിരുന്നെങ്കിലും, എണ്ണ സംഭരണ ശാലകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമായാണ്. ഇത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്ക ‘ലക്ഷ്മണരേഖ’ ലംഘിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി. തങ്ങൾക്കെതിരെയുള്ള ആക്രമണം തുടർന്നാൽ തിരിച്ചടി പശ്ചിമേഷ്യയുടെ അതിരുകൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഇതോടെ മേഖലയിലെ സംഘർഷം ആഗോള തലത്തിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക വർദ്ധിച്ചിരിക്കുകയാണ്.
ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാത്രിയായിരിക്കും ഇതെന്ന് ട്രംപ് വിശേഷിപ്പിച്ചതോടെ, പശ്ചിമേഷ്യയിൽ യുദ്ധം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
Story Summary:
The White House clarified that the US does not intend to launch a nuclear attack on Iran, following ambiguous remarks by JD Vance. However, following President Donald Trump’s threat to “end the Iranian civilization tonight,” massive strikes hit Iran’s Kharg Island, targeting its critical oil infrastructure for the first time. As 90% of Iran’s oil passes through this hub, the move significantly threatens its economy. Meanwhile, Iran’s IRGC warned that any further escalation would lead to retaliatory strikes extending beyond the Middle East.

