വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ ഔദ്യോഗികമായി നിരസിച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran Warning 2026). നിശ്ചിത സമയപരിധിക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ സൈനികമോ സാമ്പത്തികമോ ആയ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് നൽകിയത്.
ചൊവ്വാഴ്ച രാത്രി എട്ട് മണി വരെയാണ് നിബന്ധനകൾ അംഗീകരിക്കാൻ ഇറാന് ട്രംപ് സമയം നൽകിയിരിക്കുന്നത്. “ചൊവ്വാഴ്ച രാത്രി എട്ട് മണിക്കുള്ളിൽ കരാറിൽ എത്താനായില്ലെങ്കിൽ ഇറാൻ നരകതുല്യമാകും” എന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ഇറാൻ ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള നിർദ്ദേശങ്ങൾ പര്യാപ്തമല്ലെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതും സമാധാന കരാറിൽ എത്തുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് അമേരിക്ക.
ഹോർമുസ് കടലിടുക്ക് വിഷയത്തിൽ സോഷ്യൽ മീഡിയയിൽ അസഭ്യവാക്കുകൾ ഉപയോഗിച്ചതിനെക്കുറിച്ചുള്ള വിമർശനങ്ങളെ ട്രംപ് തള്ളിക്കളഞ്ഞു. തന്റെ നിലപാടുകളുടെ ഗൗരവം വ്യക്തമാക്കാനാണ് അത്തരം ഭാഷ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ന്യായീകരിച്ചു.
താത്കാലിക ഉടമ്പടികൾക്ക് പകരം യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുന്ന 10 വ്യവസ്ഥകളടങ്ങിയ ചട്ടക്കൂടാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണം, യുദ്ധം തകർത്ത മേഖലകളിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉറപ്പുനൽകണം എന്നിവയാണ് ഇറാൻ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശങ്ങൾ, പാകിസ്താൻ വഴിയാണ് ഇറാൻ തങ്ങളുടെ മറുപടി അമേരിക്കയെ അറിയിച്ചിരിക്കുന്നത്.
അതേസമയം , ഇറാനിൽ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് യുഎസ് വൈമാനികർ സുഖം പ്രാപിച്ചുവരുന്നതായി ട്രംപ് അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയ ഘട്ടം മുതൽ മധ്യസ്ഥതയ്ക്കായി പാകിസ്താൻ മുൻകൈ എടുക്കുന്നുണ്ട്. ചൊവ്വാഴ്ചത്തെ സമയപരിധി അവസാനിക്കാനിരിക്കെ ലോകം ഉറ്റുനോക്കുന്നത് പശ്ചിമേഷ്യയിലെ നിർണ്ണായക നീക്കങ്ങളിലേക്കാണ്.
Story Summary:
US President Donald Trump has expressed strong dissatisfaction with Iran’s rejection of the US-proposed ceasefire. Trump issued a final deadline until 8 PM Tuesday for Iran to accept the terms, warning of severe military or economic consequences if they fail to comply. While Iran seeks a permanent solution involving the lifting of sanctions and reconstruction guarantees, Trump maintains that their current proposals are insufficient. The reply from Tehran was communicated through Pakistan, which has been mediating since the start of the regional conflict.

