ആഗ്ര: വെറും ഒരു പകൽ കൊണ്ട് ഇന്ത്യ സന്ദർശിച്ച് മടങ്ങിയ അമേരിക്കൻ ഇൻഫ്ലുവൻസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (US Influencer 24 Hour India Trip). ന്യൂയോർക്കിൽ നിന്ന് വിമാനം കയറി ആഗ്രയിലെത്തി താജ്മഹൽ കണ്ട ശേഷം 24 മണിക്കൂറിനുള്ളിൽ തിരികെ അമേരിക്കയിലേക്ക് പറന്ന കെവിൻ ഡ്രോണിയക് (@kevindroniak) എന്ന ഇൻഫ്ലുവൻസറുടെ സാഹസമാണ് ഇപ്പോൾ ചർച്ചയാകുന്നത്. യാതൊരു മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയുമില്ലാതെയാണ് ഇദ്ദേഹം ഈ മിന്നൽ സന്ദർശനം നടത്തിയത്.
ന്യൂയോർക്കിൽ നിന്ന് 15 മണിക്കൂർ വിമാനയാത്ര ചെയ്ത് ഇന്ത്യയിലെത്തിയ കെവിൻ നേരെ ആഗ്രയിലേക്കാണ് പോയത്. പുലർച്ചെ താജ്മഹലിന്റെ ഭംഗി ആസ്വദിക്കുകയും അവിടെ സമയം ചെലവഴിക്കുകയും ചെയ്ത ശേഷം നഗര കാഴ്ചകളിലേക്ക് കടന്നു. താജ്മഹലിന്റെ പശ്ചാത്തലത്തിൽ ബട്ടർ ചിക്കനും ദാൽ ഫ്രൈയും ഗാർലിക് നാനും ബിരിയാണിയും കഴിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ‘ബേബി താജ്’ എന്നറിയപ്പെടുന്ന ഇത്മദ്-ഉദ്-ദൗലയും അദ്ദേഹം സന്ദർശിച്ചു.
ആഗ്രയിലെ തെരുവുകളിലൂടെ ഓട്ടോറിക്ഷയിൽ കറങ്ങിയ ശേഷം നേരെ ഡൽഹി വിമാനത്താവളത്തിലേക്ക് തിരിക്കുകയും അവിടെ നിന്ന് അമേരിക്കയിലേക്ക് മടങ്ങുകയുമായിരുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ ദൂരം സഞ്ചരിച്ച് ഇന്ത്യ സന്ദർശിച്ച കെവിന്റെ ഊർജ്ജത്തെയും താല്പര്യത്തെയും സോഷ്യൽ മീഡിയ പ്രശംസിച്ചു. അതേസമയം, ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇന്ത്യയുടെ യഥാർത്ഥ അനുഭവം ലഭിക്കില്ലെന്നും ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും മാറ്റിവെക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.
താജ്മഹൽ ലോകത്തെ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണെങ്കിലും, ഒരു ദിവസം കൊണ്ട് മാത്രം സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നത് അത്യപൂർവ്വമാണ്. വിമാനയാത്രയും കാഴ്ചകളും മടക്കയാത്രയും ഉൾപ്പെടെ എല്ലാം കൂടി ഒരു ദിവസത്തിനുള്ളിൽ ഒതുക്കിയത് അവിശ്വസനീയമാണെന്നാണ് പലരും കമന്റ് ചെയ്തത്. ജെറ്റ് ലാഗും ഉറക്കമില്ലായ്മയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലും ആളുകൾ അത്ഭുതം പ്രകടിപ്പിച്ചു.
View this post on Instagram

