വാഷിംഗ്ടൺ: യുഎസ് കരസേനാ മേധാവി ജനറൽ റാണ്ടി ജോർജ് സ്ഥാനമൊഴിയുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. 41-ാമത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന അദ്ദേഹം ഉടനടി സ്ഥാനമൊഴിയുമെന്നും വിരമിക്കുമെന്നും പെന്റഗൺ വക്താവ് സീൻ പാർനെൽ സ്ഥിരീകരിച്ചു.(Pete Hegseth asks US Army chief Randy George to step down)
സാധാരണയായി നാല് വർഷത്തെ കാലാവധിയുള്ള പദവിയിൽ നിന്നാണ് റാണ്ടി ജോർജ് അപ്രതീക്ഷിതമായി പടിയിറങ്ങുന്നത്. വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 2023-ൽ മുൻ പ്രസിഡന്റ് ജോ ബൈഡനാൽ നാമനിർദ്ദേശം ചെയ്യപ്പെട്ടയാളാണ്. കരസേനാ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ക്രിസ്റ്റഫർ ലാനീവ് പകരം താൽക്കാലിക ചുമതലയേൽക്കും.
എന്തുകൊണ്ടാണ് അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതെന്ന് പെന്റഗൺ വ്യക്തമാക്കിയിട്ടില്ല. എങ്കിലും, “കരസേനയുടെ നേതൃത്വത്തിൽ ഒരു മാറ്റത്തിനുള്ള സമയമായിരിക്കുന്നു” എന്ന് ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇറാനുമായുള്ള യുദ്ധം “വളരെ പെട്ടെന്ന്” അവസാനിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് സൈനിക നേതൃത്വത്തിലെ ഈ അഴിച്ചുപണി എന്നത് ശ്രദ്ധേയമാണ്. ആദ്യ ഗൾഫ് യുദ്ധത്തിലും ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിലും ഇൻഫൻട്രി ഓഫീസറായി സേവനമനുഷ്ഠിച്ച പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് റാണ്ടി ജോർജ്.

