കൊച്ചി: കേരളത്തിൽ എല്ലാ മേഖലകളിലും പുരോഗതിയുണ്ടാകുന്നത് ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴാണെന്ന് പ്രമുഖ എഴുത്തുകാരി കെ.ആർ. മീര (K.R. Meera LDF Support). പൂർണ്ണമായും തകർന്നടിഞ്ഞ നിലയിൽ നിന്നാണ് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളെ എൽഡിഎഫ് സർക്കാർ ഉയർത്തിക്കൊണ്ടുവന്നതെന്ന് അവർ പറഞ്ഞു. കൊച്ചിയിൽ മന്ത്രി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
വികസന കാര്യത്തിൽ ഇടതുപക്ഷ മുന്നണിയല്ലാതെ മറ്റൊരു ബദലില്ല. അതുകൊണ്ടുതന്നെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്ന് മീര ആവശ്യപ്പെട്ടു. കേരളത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. ഇനി വരുന്ന ഒരു സർക്കാരിനും ഉദാസീനമായി ഭരിക്കാൻ കഴിയില്ല. പതിനാറാം നൂറ്റാണ്ടിലെ ചിന്താഗതികളിലേക്ക് തിരിച്ചുപോകണമോ എന്ന് ജനങ്ങൾ ആലോചിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. പി. രാജീവ് സ്ത്രീവിരുദ്ധതയ്ക്ക് എതിരായ നിലപാടുള്ള നേതാവാണെന്ന് മീര പ്രശംസിച്ചു. അദ്ദേഹം ഒരിക്കലും സ്ത്രീകൾക്കെതിരായ പ്രസ്താവനകൾ നടത്താറില്ല.
യുവതുർക്കികളെന്ന് അവകാശപ്പെടുന്ന ചില രാഷ്ട്രീയക്കാർ സ്ത്രീകൾക്കെതിരെ സംസാരിക്കുമ്പോൾ അവരുടെ മുതിർന്ന നേതാക്കൾ മൗനം പാലിക്കുകയാണെന്ന് കെ.ആർ. മീര വിമർശിച്ചു. ഗാന്ധിയൻ രാഷ്ട്രീയമെന്ന് പറയുന്നവർ പോലും സ്ത്രീവിരുദ്ധതയിൽ നിന്ന് മുക്തരല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ചൂടിലമർന്ന കേരളത്തിൽ സാംസ്‌കാരിക നായകരുടെ ഇത്തരം നിലപാടുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Story Summary:
Renowned writer K.R. Meera praised the LDF government during a campaign event for Minister P. Rajeeve in Kochi. She stated that sectors like education and health improved significantly under leftist rule and urged for the LDF’s return to power to continue development. Meera also commended P. Rajeeve for his pro-women stance while criticizing some opposition leaders for their alleged misogyny.

