പട്ന: ബിഹാറിലെ നളന്ദയിൽ മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്ക് നേരെ ജനക്കൂട്ടത്തിന്റെ അതിക്രൂരമായ ലൈംഗികാതിക്രമം (Nalanda Bihar Crime). രഹസ്യബന്ധം ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ യുവതിയെ പരസ്യമായി അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. മാർച്ച് 26-ന് നളന്ദയിലെ അജയ്പുരിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യാനായി കടയിൽ പോയതായിരുന്നു യുവതി. കടയുടമയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച അക്രമിസംഘം കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറി വാതിൽ പുറത്തുനിന്ന് പൂട്ടുകയും യുവതിയെ തടഞ്ഞുവെക്കുകയും ചെയ്തു.
പിന്നീട് യുവതിയെ തെരുവിലൂടെ വലിച്ചിഴയ്ക്കുകയും പരസ്യമായി ശരീരത്തിൽ കയറിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്തു. ബലംപ്രയോഗിച്ച് യുവതിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്താനും കടയുടമയുമായി വിവാഹം കഴിപ്പിക്കാനും സംഘം ശ്രമിച്ചതായി പരാതിയുണ്ട്. കഴുത്തുഞെരിച്ച് കൊല്ലാനുള്ള ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്ന് യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. പൂണെയിൽ ജോലി ചെയ്യുന്ന ഭർത്താവിനും മക്കൾക്കുമൊപ്പമാണ് യുവതി താമസിക്കുന്നത്.
സംഭവത്തിൽ അശോക് യാദവ്, മാത്ലു മഹ്തോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമത്തിൽ പങ്കെടുത്ത കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഡി.എസ്.പി അറിയിച്ചു. നിലവിൽ യുവതിയുടെയും കുടുംബത്തിന്റെയും സുരക്ഷ പോലീസ് ഉറപ്പാക്കിയിട്ടുണ്ട്. നടുറോഡിൽ നടന്ന ഈ ക്രൂരതയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
Story Summary:
A mother of three was subjected to a brutal sexual assault by a mob in Nalanda, Bihar, on March 26 over allegations of an illicit affair. The victim was dragged through the streets of Ajaypur, physically assaulted, and forcibly made to wear vermilion after being trapped inside a mobile recharge shop. Police have arrested two individuals, Ashok Yadav and Matlu Mahto, and are using viral video footage to identify other culprits.

