മിനിയാപൊളിസ്: ഐസിഇ (ICE) രണ്ട് വയസ്സുകാരി ക്ലോയി റെനാറ്റയെയും പിതാവ് എൽവിസ് ജോയൽ ടിപ്പാനെയും കസ്റ്റഡിയിലെടുത്തത് മിനസോട്ടയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പലചരക്ക് കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ ഫെഡറൽ ഏജന്റുകൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.(2-year-old girl in ICE custody after returning home from grocery store)
വാഹനത്തിന്റെ ചില്ല് തകർത്താണ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയതെന്ന് മിനിയാപൊളിസ് സിറ്റി കൗൺസിൽ അംഗം ജേസൺ ചാവേസ് ആരോപിച്ചു. എൽവിസ് ജോയൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചയാളാണെന്നും വാഹനം നിർത്താൻ തയ്യാറാകാത്തതിനാലാണ് ബലം പ്രയോഗിച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
കുട്ടിയെ വിട്ടയക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ തന്നെ പിതാവിനെയും മകളെയും വിമാനമാർഗ്ഗം ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. അറസ്റ്റ് തടയാൻ നൂറിലധികം ആളുകൾ തടിച്ചുകൂടുകയും ഏജന്റുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തത് മിനിയാപൊളിസിൽ വലിയ സംഘർഷത്തിന് കാരണമായി.



